ചമോലി : ഉത്തരാഖണ്ഡിലെ അതിര്‍ത്തി ജില്ലയായ ചമോലിയിലെ ഔലിയില്‍ നടക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തില്‍ യുദ്ധ നൈപുണ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സൈന്യം. സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന സ്ഥലങ്ങളിലുള്ള ഹെലി ബോണ്‍ ഓപ്പറേഷനാണ്(Heli Born ) പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. യുദ്ധമുഖത്ത് ഹെലികോപ്‌റ്ററില്‍ ആയുധങ്ങളും സൈനികരേയും എത്തിച്ച് ആക്രമണം നടത്തുന്നതിനെയാണ് ഹെലി ബോണ്‍ ഓപ്പറേഷന്‍ എന്ന് പറയുന്നത്.
റഷ്യന്‍ നിര്‍മിത എംഐ-17വി5 ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ഹെലി ബോണ്‍ മോക്ക് ഡ്രില്ലുകള്‍ നടത്തിയത്. ഹെലി ബോണ്‍ ഓപ്പറേഷന്‍ ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. മുംബൈ ഭീകരാക്രമണത്തില്‍ താജ് ഹോട്ടലില്‍ കയറിക്കൂടിയ ഭീകരരെ തുരത്താന്‍ ഹെലിബോണ്‍ ഓപ്പറേഷനാണ് ഉപയോഗിച്ചത്.
ശത്രുസൈന്യത്തിന്‍റെ പിടിയില്‍ പെട്ടാല്‍ ആയുധങ്ങളില്ലാതെ എങ്ങനെ പൊരുതാം എന്നുള്ളതും സൈനികര്‍ പ്രദര്‍ശിപ്പിച്ചു. പ്രത്യേകം പരിശീലിപ്പിച്ച പ്രാപ്പിടിയന്‍ പക്ഷിയെ ഉപയോഗിച്ച് ശത്രുസൈന്യത്തിന്‍റെ ഡ്രോണുകളെ എങ്ങനെ നശിപ്പിക്കാം എന്നതും ഇന്ത്യന്‍ സൈന്യം കാണിച്ചുകൊടുത്തു. ആദ്യമായാണ് ഇത്തരത്തില്‍ പ്രാപ്പിടിയനെ ഉപയോഗിച്ച് ശത്രു സൈന്യത്തിന്‍റെ ഡ്രോണുകളെ തകര്‍ക്കുന്ന തന്ത്രം ആവിഷ്‌കരിക്കുന്നത്.
പാകിസ്ഥാനില്‍ നിന്ന് ജമ്മുകശ്‌മീര്‍, പഞ്ചാബ് അതിര്‍ത്തികള്‍ കടന്നുവരുന്ന ഡ്രോണുകളെ നശിപ്പിക്കാന്‍ ഇത്തരത്തിലുള്ള തന്ത്രം സൈന്യം ഉപയോഗപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ചുള്ള ആക്രമണ തന്ത്രങ്ങളും സൈന്യം പ്രദര്‍ശിപ്പിച്ചു.
'യുദ്ധ് അഭ്യാസ് 22' എന്നാണ് ഈ സൈനിക അഭ്യാസത്തിന് പേര് നല്‍കിയിരിക്കുന്നത്. 18ാമത് ഇന്തോ-യുഎസ് സൈനിക അഭ്യാസമാണ് ഇത്. ആദ്യമായാണ് ഒരു സൗഹൃദ രാജ്യവുമായി സമുദ്രനിരപ്പില്‍ നിന്ന് ഇത്രയും ഉയരത്തില്‍ വച്ച് സംയുക്ത സൈനിക അഭ്യാസം ഇന്ത്യ നടത്തുന്നത്.
ശനിയാഴ്‌ചയാണ് യുദ്ധ് അഭ്യാസ് 22 ആരംഭിച്ചത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സംയുക്ത സൈനിക അഭ്യാസത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.