ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ (G20 SUMMIT) പങ്കെടുക്കാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഡൽഹിയിലെത്തി (Joe Biden Arrives India). ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് കൂടിക്കാഴ്‌ച നടത്തും. മൂന്ന് വർഷത്തിന് ശേഷമാണ് ജോ ബൈഡൻ ഇന്ത്യയിലേക്ക് എത്തുന്നത്.
നേരത്തെ അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് (Jill Biden) കൊവിഡ് സ്ഥിരീകരിച്ചതോടെ ജോ ബൈഡന്‍റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകൾ ഉണർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ബൈഡന്‍റെ ഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.
ജിൽ ബൈഡന് തിങ്കളാഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബൈഡനെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവായതോടെയാണ് വ്യാഴാഴ്‌ച ബൈഡൻ ഇന്ത്യയിലേക്ക് തിരിച്ചത്. ഇന്ന് രാത്രിയോടെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡൻ ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.
മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ചെറിയ മോഡുലാർ ന്യൂക്ലിയർ റിയാക്‌ടറുകളുടെ സാധ്യത കരാർ, ഇന്ത്യൻ വിദ്യാർഥികൾക്ക് അനുയോജ്യമായ പ്രത്യേക അക്കാദമിക് പ്രോഗ്രാം, ഡ്രോൺ ഇടപാടുകള്‍, ജെറ്റ് എഞ്ചിനുകൾ ഉൾപ്പെടുന്ന പ്രതിരോധ കരാറിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം സംബന്ധിച്ച്, യുക്രൈനിനായുള്ള സംയുക്ത മാനുഷിക സഹായം, ഇരു രാജ്യത്തും പുതിയ കോൺസുലേറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയവ ചർച്ചയാകും.
കൂടാതെ 5 ജി, 6 ജി സ്പെക്ട്രം, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെത്തുന്ന ബൈഡന് ഐടിസി മൗര്യ ഷെരാട്ടണ്‍ ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹോട്ടല്‍ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്‍റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ് (George W. Bush), ബില്‍ ക്ലിന്‍റണ്‍ (Bill Clinton), ബരാക് ഒബാമ (Barack Obama) എന്നിവര്‍ തങ്ങിയതും ഇതേ ഹോട്ടലില്‍ തന്നെയായിരുന്നു. ജോ ബൈഡനും അദ്ദേഹത്തിനൊപ്പം എത്തുന്ന പ്രതിനിധികള്‍ക്കുമായി (Joe Biden and delegates) 400 മുറികള്‍ ബുക്ക് ചെയ്‌തിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
29 രാജ്യങ്ങളുടെ രാഷ്‌ട്ര തലവന്മാരും യൂറോപ്യന്‍ യൂണിയനിലെയും ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെയും തലവന്മാരും 14 അന്താരാഷ്‌ട്ര സംഘടനകളുടെ മേധാവികളും ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രിയായ റിഷി സുനകും ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയായ ശേഷമുള്ള റിഷി സുനകിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യ പര്യടനം കൂടിയാണിത്.