ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്ന് ക്യാമ്പസിലേക്ക് വരുന്നവർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കി ജവഹർലാൽ നെഹ്‌റു സർവകലാശാല. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഇല്ലാത്തവർക്ക് 14 ദിവസം ക്വാറന്‍റൈനും നിർബന്ധമാണ്. പൊതു ഇടങ്ങൾ, ലൈബ്രറികൾ, ലബോറട്ടറികൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കണമെന്നും സർവകലാശാല ആവശ്യപ്പെട്ടു.
ക്യാമ്പസ് ഘട്ടം ഘട്ടമായി തുറക്കുന്നതുപോലെ ലബോറട്ടറികളിലും പ്രവൃത്തി സമയം ക്രമീകരിക്കണമെന്ന് സര്‍വകലാശാല നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിക്കാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. കോളജ് പ്രവൃത്തി സമയം പുനരാസൂത്രണം ചെയ്യണമെന്നും വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു. അത്യാവശ്യത്തിനല്ലാതെ ഹോസ്റ്റലുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് വിദ്യാർഥികളോടും സർവകലാശാല അഭ്യര്‍ഥിച്ചു.
ദേശീയ തലസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്താനുള്ള ഡൽഹി സർക്കാരിന്‍റെ ഉത്തരവ് പാലിച്ച് ക്യാമ്പസില്‍ രാത്രി 10 മുതൽ പുലർച്ചെ 5 വരെ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.