ശ്രീനഗര്‍: കശ്മീരി വിഘടനവാദി നേതാവ് അഷ്റഫ് ഖാൻ സെഹറായി മരിച്ച് ദിവസങ്ങൾക്ക് ശേഷം ജമ്മു കശ്മീർ പൊലീസ് ശനിയാഴ്ച രാത്രി ഇയാളുടെ രണ്ട് ആൺമക്കളെ അറസ്റ്റ് ചെയ്തു. പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരം സെഹറായി ജയിലിലായിരുന്നു. മെയ് 5ന് ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജിൽ വച്ച് ഇയാള്‍ മരണപ്പെട്ടു. തുടര്‍ന്നാണ് മക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശ്രീനഗറിലെ ബാഗാട്ട് പ്രദേശത്തെ വസതിയിൽ നിന്ന് സെഹറായിയുടെ മക്കളായ മുജാഹിദ് സെഹ്റായ്, റാഷിദ് സെഹ്റായ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്.
Also Read: ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു
മുജാഹിദിനെയും റാഷിദിനെയും അറസ്റ്റുചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം മെയ് 6ന് കുപ്വാരയിലെ ടെക്കിപോര-സോഗാമിലെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് ആറിന് ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നതായും. ഇതനുസരിച്ച് 20 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.