ബംഗളൂരു: പ്രണയ വഞ്ചന ആരോപിച്ച് യുവതിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. കര്‍ണാടകയിലെ ദൊദബലാപൂരിലെ ഐ.ബി സര്‍ക്കിളിലാണ് സംഭവം. പ്രഭാവതിക്കാണ് (38) കുത്തേറ്റത്. സംഭവത്തില്‍ ഗിരീഷിനെ (31) പൊലീസ് അറസ്റ്റു ചെയ്തു.
നിരവധി മുറിവുകളോടെ പ്രഭാവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പ്രഭാവതിയെ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. കഴുത്തിലും വയറിലും ചുമലുകളിലുമായി നിരവധി മുറിവുകളാണ് പ്രഭാവതിയുടെ ദേഹത്തുള്ളത്.
പ്രഭാവതി ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തു വരികെ അവിടെത്തന്നെ അക്കൗണ്ടന്‍റായി ജോലിചെയ്യുന്ന ഗിരീഷുമായി പ്രണയത്തില്‍ ആവുകയായിരുന്നു. ഇവരുടെ കല്ല്യാണവും ഉറപ്പിച്ചിരുന്നു. എന്നാല്‍ പ്രഭാവതിക്ക് മറ്റൊരു കാമുകനുണ്ടെന്ന സംശയം ഗിരീഷിനെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രഭാവതിയെ കുത്തി പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഗിരീഷ് പൊലീസ് പിടിയിലാവുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ: പോക്‌സോ കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി