റാഞ്ചി: കാല്‍ച്ചുവട്ടിലെ മണ്ണ് തീ വിഴുങ്ങുന്നത് അറിയാതെ ഭൂമിക്കടിയിലെ കല്‍ക്കരിക്ക് മുകളിൽ ജീവിക്കുന്ന ഒരു ജനതയുണ്ട് ഇന്ത്യയില്‍. രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി നിക്ഷേപമുള്ള ജാര്‍ഖണ്ഡിലാണ് ഇത്തരത്തിലൊരു അപകടത്തിനൊപ്പം ജനങ്ങൾ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഉയര്‍ന്ന ഊഷ്‌മാവില്‍ കല്‍ക്കരി ഉരുകി ഭൂമി രണ്ടായി പിളരുന്നത് ജാര്‍ഖണ്ഡുകാര്‍ക്ക് പതിവ് കാഴ്‌ചയാണ്.
ഭൂഗര്‍ഭ അഗ്നിബാധ മൂലം സ്ഥിരമായി ഈ മേഖലകളില്‍ അപകടം സംഭവിക്കാറുണ്ട്. അടുത്തിടെ ദുംകയിലെ രാജ്ഭവന് സമീപത്തായാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. എയർപോർട്ട് റോഡില്‍ പെട്ടന്നുണ്ടായ വിള്ളലില്‍ നിന്നും പുക ഉയരുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേന അംഗങ്ങള്‍ എത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
സംസ്ഥാനത്തെ ഏറ്റവും വലിയ കല്‍ക്കരി പാടങ്ങളിലൊന്നായ ജാരിയയിലും സ്ഥിതി സമാനമാണ്. 2014-ല്‍ ഭൂഗര്‍ഭ അഗ്നിബാധയെ തുടര്‍ന്ന് 50-ഓളം വീടുകളാണ് ജാരിയ ഗ്രാമത്തില്‍ കത്തി നശിച്ചത്. ഒരു നൂറ്റാണ്ടായി തുടരുന്ന പ്രതിഭാസത്തില്‍ പല പ്രദേശങ്ങളും വാസയോഗ്യമല്ലാതായിട്ടുണ്ട്. ഇതേതുടര്‍ന്ന് ഗ്രാമം വിട്ട് പോകാനാണ് പ്രദേശവാസികളോട് ഭരണകൂടം ആവശ്യപ്പെട്ടത്. എന്നാല്‍ പിറന്ന നാടും വീടും വിട്ട് പോകാന്‍ ജാരിയന്‍ ജനത വിസമ്മിതിച്ചു.
ജാരിയയിലെ നരകയാതന അറിയുന്ന ജാര്‍ഖണ്ഡിലെ ജനതക്ക് സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്ന ഇത്തരം വാര്‍ത്തകള്‍ എന്നും പരിഭ്രമം സൃഷ്‌ടിക്കാറുണ്ട്. മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും തീ ആളിപ്പടരാം, പിളരുന്ന ഭൂമിയുടെ ഉരുകിയൊലിക്കുന്ന അകകാമ്പിലേക്ക് മനുഷ്യനോ വീടോ ഗ്രാമമോ എന്തും എപ്പോള്‍ വേണമെങ്കിലും താഴ്ന്ന് പോയേക്കാം.. ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവസാനമായി കാണാന്‍ ഒരുതുണ്ട് ചാരം പോലും അവശേഷിപ്പിക്കാതെ...
നിയന്ത്രണമില്ലാതെ വര്‍ഷങ്ങളോളം നടത്തിയ കല്‍ക്കരി ഖനനം ഈ നാടിന് സമ്മാനിച്ച ദുരന്തങ്ങൾ തടയാന്‍ ഇനി ഭരണകൂടങ്ങള്‍ക്ക് പോലും സാധിക്കില്ലെന്നതാണ് യാഥാർഥ്യം.