റാഞ്ചി: സർക്കാർ സ്‌കൂളുകളിലെ 42 ലക്ഷം വിദ്യാർഥികളുടെ യൂണിഫോമിന്‍റെ നിറംമാറ്റാനുള്ള തീരുമാനവുമായി ജാർഖണ്ഡ് സർക്കാർ. 6-ാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്ക് പച്ച നിറത്തിലുള്ള യൂണിഫോമും പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് നേവി ബ്ലൂ, പിങ്ക് നിറങ്ങളിലുള്ള യൂണിഫോമും നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ പറഞ്ഞു.
നിലവിൽ മുകൾ ഭാഗത്ത് ക്രീമും താഴ്‌ഭാഗത്ത് മെറൂണുമാണ് എല്ലാ ക്ലാസിലുമുള്ള വിദ്യാർഥികളുടെ യൂണിഫോമിന്‍റെ നിറം. സംസ്ഥാനത്തെ 35,000 സർക്കാർ സ്‌കൂളുകളുടെ കെട്ടിടത്തിന് പച്ചയും വെള്ളയും പെയിന്‍റടിച്ചതിന് പിന്നാലെയാണ് യൂണിഫോമിന്‍റെയും നിറം നൽകാനുള്ള തീരുമാനം.
ആറ് മുതൽ 12 വരെ ക്ലാസിലുള്ള കുട്ടികളുടെ യൂണിഫോമിന് ഈ വർഷം മുതൽ താഴ്‌ഭാഗത്ത് കടും പച്ച നിറവും മുകൾ ഭാഗത്ത് ഇളം പച്ച നിറവുമായിരിക്കും. പെൺകുട്ടികളുടെ ദുപ്പട്ടയ്ക്ക് കടും പച്ച നിറമായിരിക്കും. അതേസമയം, 1 മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ യൂണിഫോമിന്‍റെ താഴ്‌ഭാഗത്തെ നിറം നേവി ബ്ലൂവും മുകൾ ഭാഗത്ത് പിങ്കും ആയിരിക്കും.
ആരോപണവുമായി ബിജെപി: 1 മുതൽ 12 വരെയുള്ള എല്ലാ വിദ്യാർഥികൾക്കും സർക്കാർ യൂണിഫോം നൽകും. എന്നാൽ 6 മുതൽ 12 വരെ ക്ലാസിലെ കുട്ടികളുടെ യൂണിഫോമിന് പുതുതായി നിശ്ചയിച്ച നിറത്തിന് പിന്നിൽ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ഭരണപക്ഷമായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ പച്ചയും വെള്ളയും നിറത്തിലുള്ള പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിദ്യാർഥികളുടെ യൂണിഫോമിന്‍റെ നിറം നിശ്ചയിച്ചതെന്ന് ബിജെപി ആരോപിക്കുന്നു.
മനസിന് പുതിയ അനുഭവമാകുമെന്ന് വിശദീകരണം: യൂണിഫോമിന്‍റെ നിറം മാറ്റുന്നതുമായി ബന്ധപ്പെട്ട ജാർഖണ്ഡ് എജ്യുക്കേഷൻ പ്രോജക്‌ട് കൗൺസിലിന്‍റെ നിർദേശം താൻ അംഗീകരിക്കുകയായിരുന്നുവെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ പുറപ്പെടുവിക്കുമെന്നും ജഗർനാഥ് മഹ്തോ പറഞ്ഞു. 2015-16 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് സ്‌കൂൾ യൂണിഫോമിന്‍റെ നിറം മാറ്റിയിട്ടില്ല. അതിനാൽ വിദ്യാർഥികളുടെ മനസിന് ഒരു പുതിയ അനുഭവം നൽകുക എന്നതാണ് യൂണിഫോമിന്‍റെ നിറം മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനു പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ല എന്നും മന്ത്രി പറഞ്ഞു.
6-12 ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് വേണ്ടി തെരഞ്ഞെടുത്ത നിറം പ്രകൃതിയുമായി വളരെയധികം ഇഴചേർന്ന് നിൽക്കുന്നതാണെന്നും കണ്ണുകൾക്ക് വളരെ നല്ലതാണെന്നും മന്ത്രി പറഞ്ഞു. രണ്ട് സെറ്റ് യൂണിഫോം, ഷൂ, സോക്‌സ് എന്നിവയ്ക്ക് ഓരോ വർഷവും 600 രൂപയാണ് ഒരു വിദ്യാർഥിക്ക് വേണ്ടി കേന്ദ്രസഹായം ഉൾപ്പെടെ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. എന്നിരുന്നാലും, ഈ തുക വളരെ ചെറുതാണെന്നും ഇത് വർധിപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ മന്ത്രിയുടെ വാദങ്ങളെ എതിർത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദീപക് പ്രകാശ് രംഗത്തെത്തി. ഞങ്ങൾക്ക് എല്ലാവർക്കും പച്ച നിറം ഇഷ്‌ടമാണ്. എന്നാൽ ഈ സർക്കാർ രാഷ്‌ട്രീയ പ്രചാരണത്തിനായാണ് ഈ നിറം ഉപയോഗിക്കുന്നത്. പ്രകൃതിയുടെ പേരിൽ സർക്കാർ രാഷ്‌ട്രീയ അജണ്ട കളിക്കുകയാണ്. സ്‌കൂൾ വിദ്യാർഥികളെ രാഷ്‌ട്രീയത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ദീപക് പ്രകാശ് പറഞ്ഞു.
പ്രതിപക്ഷ ആരോപണങ്ങളെ എതിർത്ത വിദ്യാഭ്യാസ മന്ത്രി നിറത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കും ഇതേ നിറം തന്നെ സർക്കാർ തെരഞ്ഞെടുക്കുമായിരുന്നുവെന്ന് വാദിച്ചു.
ജാർഖണ്ഡിലെ 35,000ലധികം സർക്കാർ സ്‌കൂളുകൾക്ക് പെയിന്‍റടിക്കുന്ന ജോലി ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ജാർഖണ്ഡ് മുക്തി മോർച്ചയുടെ പതാകയിലുള്ള പച്ച, വെള്ള നിറങ്ങളാണ് സ്‌കൂൾ കെട്ടിടങ്ങൾക്ക് നൽകുന്നത്. നേരത്തെ സ്‌കൂൾ കെട്ടിടങ്ങൾക്ക് പിങ്ക് നിറവും ടോയ്‌ലറ്റുകൾക്ക് നീല നിറവുമായിരുന്നു. കഴിഞ്ഞ മാസം സ്‌കൂൾ കെട്ടിടങ്ങൾക്ക് പുതിയ പെയിന്‍റടിക്കാനുള്ള തീരുമാനവുമായി സർക്കാർ രംഗത്തെത്തിയപ്പോൾ ഇതിനു പിന്നിലും രാഷ്‌ട്രീയ ലക്ഷ്യമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.