റാഞ്ചി: രണ്ടര മാസമായി കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയായ ബാലന്‍റെ മൃതദേഹം മൂത്ത സഹോദരിയുടെ കിടപ്പുമുറിയിൽ മറവുചെയ്‌ത നിലയില്‍. രോഹിത് എന്ന ആണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പ്രതിയായ ചഞ്ചലയെ പൊലീസ് പിടികൂടി. രാംഗഡ് ജില്ലയിലെ പട്രാതുവിലാണ് സംഭവം.
രണ്ട് മാസവും 15 ദിവസവും മുന്‍പ് സഹോദരനെ കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു യുവതി. മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 11) പൊലീസ് കിടപ്പുമുറി കുഴിച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. മൃതശരീരം കുഴിച്ചിട്ട ശേഷം യുവതി തറ സിമന്‍റിട്ട് മൂടിയിരുന്നു.
സംശയം വഴിത്തിരിവായി, ഒടുവില്‍..!: മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാംഗഡ് സദർ ആശുപത്രിയിലേക്ക് അയച്ചു.സഹോദരനെ താന്‍ കൊലപ്പെടുത്തിയെന്ന് നേരത്തെ യുവതി സമ്മതിച്ചിരുന്നു. എന്നാല്‍, മജിസ്‌ട്രേറ്റിന് എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പുറത്തെടുക്കാനായില്ല. ശേഷമാണ്, ഞായറാഴ്‌ച മൃതദേഹം പുറത്തെടുത്തത്. രണ്ട് മാസവും 15 ദിവസവുമായി കാണാതായ മകനെ കണ്ടെത്തുന്നതിന് പിതാവ് നിരവധി തവണയാണ് പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത്.
ചഞ്ചലയുടെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടന്ന പൊലീസ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങളുണ്ടായി. ഇതേതുടര്‍ന്ന് യുവതിയെ കൂടുതല്‍ തവണ ചോദ്യംചെയ്‌തതോടെയാണ് സംഭവം പുറത്തായത്. കേസില്‍ അന്വേഷണം ഊര്‍ജിതമാണെന്ന് പട്രാതു പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.