റാഞ്ചി: ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈക്കോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാനൊരുങ്ങി ജാർഖണ്ഡ് സർക്കാർ. രോഗത്തിന്‍റെ കാഠിന്യം കണക്കിലെടുത്ത് ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ ആരോഗ്യമന്ത്രി ബന്ന ഗുപ്ത തിങ്കളാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിർദ്ദേശിക്കും. എല്ലാ ജില്ലയിലും ബ്ലാക്ക് ഫംഗസ് വാർഡുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട വിവരമനുസരിച്ച് ജാർഖണ്ഡിൽ ഇതുവരെ 17 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച 17 പേരിൽ 10 പേരെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും മൂന്ന് പേരെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിലും നാലുപേരെ ജംഷദ്‌പൂരിലും പ്രവേശിപ്പിച്ചു. കൊവിഡിൽ നിന്നും രോഗമുക്തി നേടിയവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
ബ്ലാക്ക് ഫംഗസ് കേസുകളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് രോഗ ചികിത്സക്കുള്ള പ്രധാന മരുന്നായ ആംഫോട്ടെറിസിൻ-ബി യുടെ ലഭ്യത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അഞ്ച് നിർമാതാക്കളുമായി മന്ത്രാലയം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു.
Also Read: സർക്കാർ മാർഗനിർദ്ദേശമനുസരിച്ച് ബ്ലാക്ക് ഫംഗസ് ചികിത്സിക്കണമെന്ന് ഫിസിഷൻ ഡോ. പ്രവീൺ ഗാർഗ്
രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, കർണാടക, ഒഡിഷ, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പകർച്ചവ്യാധി നിയമപ്രകാരം ബ്ലാക്ക് ഫംഗസ് കൂടുതൽ ജാഗ്രത പുലർത്തേണ്ട രോഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.