കോര്‍ബ (ചത്തീസ്‌ഗഡ്): പെണ്‍കുട്ടിയെ കാണാനില്ലെന്ന കേസില്‍ എട്ട് മാസത്തിന് ശേഷം അന്വേഷണം പുനരാരംഭിച്ച് പൊലീസ്. കോർബ ജില്ലയിൽ രാംപൂരിലെ റിഷ്‌ദിയിൽ താമസിക്കുന്ന 24 കാരിയായ അഞ്ജു യാദവിനെ കാണാതായ കേസില്‍ പെൺകുട്ടിയുടെ അമ്മ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം പുനരാരംഭിച്ചത്. അതേസമയം അഞ്ജു യാദവിനെ മാസങ്ങൾക്കുമുമ്പ് കൊന്ന് കുഴിച്ചുമൂടിയെന്നും എന്നാല്‍ അവളുടെ പ്രേതം തന്നെ വേട്ടയാടുകയാണെന്നും കുറ്റസമ്മതം നടത്തി കാമുകന്‍ ഗോപാൽ ഖാദിയ മുമ്പ് പൊലീസില്‍ കീഴടങ്ങിയിരുന്നു.
റിഷ്ദി സ്വദേശിനിയായ അഞ്ജു യാദവ് കാമുകൻ ഗോപാൽ ഖാദിയക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പെൺകുട്ടി വിവാഹത്തിന് നിർബന്ധിച്ചപ്പോള്‍ പ്രതി ചുണരി (വസ്ത്രം) ഉപയോഗിച്ച് അവളെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മൃതദേഹം വനത്തിൽ സംസ്‌കരിച്ചു. എന്നാല്‍ പൊടുന്നനെ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നാണ് കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. കേസില്‍ അലംഭാവം ശ്രദ്ധയില്‍പെട്ടതോടെ പെൺകുട്ടിയുടെ അമ്മ പൊലീസ് സൂപ്രണ്ടിനോട് കേസ് പുനരാരംഭിക്കുന്നതിന് പരാതി നൽകുകയായിരുന്നു.
പ്രതിയെ തീവ്രമായി ചോദ്യം ചെയ്തതിന് ശേഷമാണ് കേസ് തെളിയുന്നതെന്നും കുറ്റകൃത്യത്തിൽ തനിക്ക് പങ്കുണ്ടെന്ന് അയാള്‍ പൊലീസിനോട് സമ്മതിച്ചുവെന്നും അസിസ്‌റ്റന്‍റ് പൊലീസ് സൂപ്രണ്ട് അഭിഷേക് വർമ പറഞ്ഞു. ഏകദേശം ഒരു വർഷം മുമ്പാണ് പ്രതി പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നത്. മരിച്ചയാളുടെ മൃതദേഹം വനത്തില്‍ നിന്ന് പുറത്തെടുത്ത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്നും പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രേതം അലട്ടിയതോടെ തുറന്നുപറച്ചില്‍: അതേസമയം കാമുകിയെ കൊന്ന് കുഴിച്ചുമൂടിയതായി മാസങ്ങള്‍ക്ക് ശേഷം ഗോപാൽ ഖാദിയ പൊലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയിരുന്നു. മൃതദേഹം വനത്തിൽ കുഴിച്ചിടുകയായിരുന്നുവെന്നും പ്രേതഭയം മൂലമാണ് ഇത് തുറന്നുപറയുന്നതെന്നും അയാള്‍ പൊലീസിനോട് വ്യക്തമാക്കി. കാമുകി നിരന്തരമായി സ്വപ്‌നങ്ങളിൽ വരാറുണ്ടെന്നും പ്രേതമായി ഭയപ്പെടുത്തുകയാണെന്നും താന്‍ മാനസികമായി തകര്‍ന്നുവെന്നും അറിയിച്ചായിരുന്നു ഇയാളുടെ കീഴടങ്ങല്‍.
ഇയാളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വനത്തിനുള്ളില്‍ പരിശോധിച്ച പൊലീസ് അസ്ഥികൂടം കണ്ടെടുത്തു. പിന്നീട് അസ്ഥികൂടത്തിന്‍റെ കണങ്കാലിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പെണ്‍കുട്ടിയെ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ പിന്നീട് കേസില്‍ ക്രമക്കേട് നടന്നുവെന്ന് തോന്നിയതോടെയാണ് അമ്മ വീണ്ടും പൊലീസിനെ സമീപിച്ചത്.