മുംബൈ : ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഇഡി കസ്റ്റഡിയില്‍ (Jet Airways founder Naresh Goyal sent to ED custody). സെപ്‌റ്റംബര്‍ 11 വരെയാണ് നരേഷ് ഗോയലിനെ ഇഡി കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്‌ച ഉണ്ടായ അറസ്റ്റിന് പിന്നാലെ ഇന്നലെ നരേഷ് ഗോയലിനെ മുംബൈയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇഡി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇഡി ഇന്നലെ (സെപ്‌റ്റംബര്‍ 1) ഗോയലിനെ അറസ്റ്റ് ചെയ്‌തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നരേഷ് ഗോയലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നരേഷിന് ഇഡി നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റിലേക്ക് ഇഡി നീങ്ങിയത്.
കാനറ ബാങ്കില്‍ നിന്ന് ജെറ്റ് എയര്‍വേസിന്‍റെ പേരില്‍ എടുത്ത വായ്‌പ, ഫര്‍ണിച്ചര്‍, വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ നിയമ വിരുദ്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ജെറ്റ് എയര്‍വേസിന്‍റെ ഫണ്ട് അദ്ദേഹത്തിന്‍റെ റെസിഡന്‍ഷ്യല്‍ സ്റ്റാഫിന്‍റെ ശമ്പളം നല്‍കുന്നതിനും മകളുടെ ഉടമസ്ഥതിലുള്ള ഒരു പ്രൊഡക്ഷന്‍ കമ്പനിയുടെ പ്രവര്‍ത്തന ചെലവുകള്‍ വഹിക്കാനും ഉപയോഗിച്ചു എന്നും ഇഡി പറഞ്ഞു. വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 1) ചോദ്യം ചെയ്യലിന് പിന്നാലെ നരേഷ് ഗോയലിനെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്‌തത്. ഇഡിയുടെ കണക്ക് പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ കുടിശ്ശിക ഉണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിവന്ന അന്വേഷണം ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു നടപടി. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ രാജേന്ദ്രൻ നെരുപറമ്പിലാണ് നരേഷ് ഗോയലിനെതിരെ പരാതി നൽകിയത്.
നേരത്തെ മെയ് മാസത്തില്‍ സിബിഐയും നരേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. കോര്‍പറേറ്റ് മേഖലയിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നരേഷിന് പുറമെ ഭാര്യ അനിത ഗോയല്‍, ഗൗരംഗ് ആനന്ദ് ഷെട്ടി എന്നിവര്‍ക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്.