ചമ്പ (ഹിമാചല്‍ പ്രദേശ്): ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചു. ചമ്പ ജില്ലയിലെ ടീസയിൽ നിന്ന് ബൈരാഗഡിലേക്കുള്ള യാത്രാമധ്യേ തര്‍വായിക്കടുത്തുള്ള 100 മീറ്റര്‍ താഴ്‌ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞാണ് ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മഹീന്ദ്ര ബൊലേറോ വാഹനം തോട്ടിലേക്ക് മറിഞ്ഞയുടന്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ ഡ്രൈവര്‍ ഉള്‍പ്പടെ ഏഴുപേര്‍ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ അപകടമുണ്ടായത് എങ്ങനെയാണെന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കാനിരിക്കുകയാണ് പൊലീസ്. അപകടവിവരമറിഞ്ഞ് ചുര വിധാൻസഭ എംഎൽഎ ഹൻസ്‌രാജ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കനത്ത മഴ തുടരുന്ന ഹിമാചലില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Also Read: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ഒടുവിൽ അതിജീവനം ; കുളുവിൽ കുടുങ്ങിയ മലയാളി സംഘം സുരക്ഷിതർ
ഗിരിധിയിലെ അപകടം: കഴിഞ്ഞദിവസം ജാർഖണ്ഡിലെ ഗിരിധിയില്‍ ബസ് നദിയിലേയ്‌ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേര്‍ മരണപ്പെട്ടിരുന്നു. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കഴിഞ്ഞ ശനിയാഴ്‌ച (ഓഗസ്റ്റ് 5) രാത്രി 8.40 ഓടെ യാത്രക്കാരുമായി റാഞ്ചിയിൽ നിന്ന് ഗിരിധിയിലേയ്‌ക്ക് വരികയായിരുന്ന ബസ് ബരാകിർ നദിയിലേയ്‌ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഗിപിദിഹ് - ദുമ്രി ദേശീയപാതയിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് ബസ് അപകടത്തിൽപ്പെടാൻ കാരണമായതെന്നായിരുന്നു പ്രാഥമിക വിവരം. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട സമയത്ത് ബസിൽ 30 ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ നാലുപേരുടെ മരണം സംഭവസ്ഥലത്ത് വച്ചുതന്നെ സ്ഥിരീകരിച്ചു. പരിക്കേറ്റ 20 ഓളം പേരെ ഉടന്‍തന്നെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ജാർഖണ്ഡിൽ നിന്നുള്ള കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാദേവി, ഗിരിധി എംഎൽഎ സുദിവ്യ കുമാർ സോനു, ഡിസി നമൻ പ്രിയേഷ് ലക്‌ഡ, എസ്‌പി ദീപക് ശർമ എന്നിവർ അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
അപകടമുണ്ടായത് രാത്രിയായതിനാലും ബസ് വെള്ളത്തിനടിയിലേയ്‌ക്ക് താഴ്‌ന്നതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ ജില്ല ഭരണകൂടവും പൊലീസും വിവരമറിഞ്ഞത് മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ട്വീറ്റ് ചെയ്‌തിരുന്നു.
അതേസമയം ഇതിന് മുമ്പ് ജൂലൈ 29 ന് ജാർഖണ്ഡിൽ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാലുപേർ മരണപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബൊക്കാറോ ജില്ലയിലെ പെതർവാർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഈ അപകടം നടന്നത്. ഷിയാ സമൂഹം മുഹറം മാസത്തിൽ നടത്തുന്ന ഘോഷയാത്രയില്‍ ജനക്കൂട്ടം തെരുവിലൂടെ നടന്നുനിങ്ങുന്നതിനിടയിൽ 11,000 വോൾട്ട് ഹൈ ടെൻഷൻ വയറിൽ തട്ടിയതാണ് അപകടത്തിനിടയാക്കിയത്.
Also Read: കാർ കനാലിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് ബി ടെക് വിദ്യാർഥികൾ മരിച്ചു