ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അറുമുഖസാമി കമ്മിഷന്‍റെ കണ്ടെത്തലുകള്‍ നിഷേധിച്ച് സഹചാരി ശശികല. ജയലളിതയുടെ ചികിത്സ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നേരിടാൻ തയ്യാറാണെന്നും ശശികല പറഞ്ഞു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തോഴിയായ ശശികല ഉള്‍പ്പടെ 4 പേരുടെ ഇടപെടലുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അറുമുഖസാമി കമ്മിഷന്‍റെ റിപ്പോര്‍ട്ട് ഇന്നലെ (ഒക്‌ടോബര്‍ 18) തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചിരുന്നു.
തമിഴില്‍ 608 പേജും ഇംഗ്ലീഷില്‍ 500 പേജുകളുമുള്ള അന്തിമ റിപ്പോര്‍ട്ടാണ് നിയമസഭയില്‍ സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 159 സാക്ഷികള്‍ കമ്മിഷന് മുമ്പില്‍ ഹാജരായി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശശികല, ബന്ധു ഡോ.കെ.എസ് ശിവകുമാര്‍ അന്നത്തെ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, ആരോഗ്യ സെക്രട്ടറിയായിരുന്ന ഡോ.ജെ.രാധാകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെയാണ് കമ്മിഷന്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ജയലളിതയുടെ ചികിത്സ നടപടികള്‍ക്കായി സര്‍ക്കാറിനെ അറിയിക്കാതെ 21 രേഖകളില്‍ ഒപ്പിട്ട മുന്‍ ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും കമ്മിഷന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയലളിതയുടെ മരണത്തിന് ശേഷം അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മിഷന്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണിപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.റിട്ടയേർഡ് ജസ്റ്റിസാണ് അറുമുഖസാമി. അതേസമയം അപ്പോളോ ആശുപത്രിയില്‍ ജയലളിതയ്ക്ക് മികച്ച ചികിത്സയാണ് നല്‍കിയിരുന്നതെന്നും പരിചരണത്തില്‍ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പാനലിന്‍റെ കണ്ടെത്തല്‍.
2016 സെപ്‌റ്റംബര്‍ 22നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കിടെ ഡിസംബര്‍ അഞ്ചിനായിരുന്നു മരണം. സംഭവത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഓഗസ്റ്റിലാണ് അന്വേഷണത്തിനായി അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അറുമുഖസാമി കമ്മിഷനെ നിയോഗിച്ചത്.