ജയ്‌പൂര്‍: ബിപര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജസ്ഥാന്‍ അജ്‌മീറിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ വെള്ളം കയറി. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താല്‍ ഞായറാഴ്‌ച (ജൂണ്‍ 18) ഉണ്ടായ ശക്തമായ മഴയ്‌ക്ക് പിന്നാലെയാണ് ആശുപത്രിയില്‍ വെള്ളം കയറിയത്. ആശുപത്രിയിലെ ഒന്നാം നിലയില്‍ വെള്ളം കയറിയിട്ടുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നും ആശുപത്രിയിലെ ഡോക്‌ടര്‍ തരുണ്‍ പറഞ്ഞു.
ആശുപത്രിയില്‍ വെള്ളം കയറിയതും നിലവില്‍ മഴ തുടരുന്നതും കടുത്ത ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണെന്നും രോഗികകളും കൂട്ടിരിപ്പുകാരും പറയുന്നു. ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്നും രോഗികള്‍ പറഞ്ഞു.
രാജസ്ഥാനില്‍ ഭീതി പരത്തി ബിപര്‍ജോയ്: അറബിക്കടലില്‍ രൂപം കൊണ്ട ബിപര്‍ജോയ് വെള്ളിയാഴ്‌ച ഉച്ചയോടെയാണ് രാജസ്ഥാന്‍ തീരം തൊട്ടത്. ഇതേ തുടര്‍ന്ന് ശനിയാഴ്‌ച രാത്രി മുതല്‍ അജ്‌മീറിലും സമീപ പ്രദേശങ്ങളിലുമെല്ലാം മഴ ശക്തമായിരുന്നുവെങ്കിലും ഞായറാഴ്‌ച മഴ കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ മഴ മൂലം വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
ശക്തമായി ആഞ്ഞടിച്ച ബിപര്‍ജോയ് വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങുമെന്നും ദക്ഷിണ രാജസ്ഥാനിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഡയറക്‌ടര്‍ ഡോ. മൃത്യുഞ്ജയ് അറിയിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയ്‌ക്ക് പുറമെ സിരോഹി, ഉദയ്‌പൂര്‍, ജലോര്‍, ജോധ്‌പൂര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയാണുണ്ടായത്. മഴ കനത്ത സാഹചര്യത്തില്‍ ഈ ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനില്‍ 50-60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.
ജില്ലയിലെ ദുരന്ത ബാധിത മേഖലകളില്‍ നിന്ന് ആയിര കണക്കിനാളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരങ്ങളും വൈദ്യുതി തൂണുകളും മറിഞ്ഞ് വീണ് നിരവധി വീടുകളും വാഹനങ്ങളും നശിച്ചു. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
മൗണ്ട് അബു പര്‍വത മേഖലകളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് നിരവധി മരങ്ങളാണ് കടപുഴകി വീണത്. പര്‍വത നിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നീരുറവകളില്‍ ജലം അധികരിച്ചതോടെ വിവിധ പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നു. മഴ കനത്തതോടെ മൗണ്ട് അബു പര്‍വത മേഖലകളിലേക്കുള്ള വിനോദ സഞ്ചാരം നിര്‍ത്തി വച്ചിരുന്നു.
ഗുജറാത്തില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് ബിപര്‍ജോയ് രാജസ്ഥാനിലേക്ക് കടന്നത്. ഗുജറാത്തില്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് രാജസ്ഥാനിലെത്തുമ്പോഴേക്കും ശക്തി കുറഞ്ഞിരുന്നു.