ജൗൻപൂർ (ഉത്തര്‍ പ്രദേശ്) : കരളില്‍ കത്തി ആഴ്‌ന്നിറങ്ങിയതിനെ തുടര്‍ന്ന് ആറ് ദിവസമായി ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന രോഗിയെ രക്ഷപ്പെടുത്തി ഡോക്‌ടര്‍മാരുടെ സംഘം. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. കരളില്‍ ആഴ്‌ന്നിറങ്ങിയ കത്തിക്ക് ആറ് സെന്‍റിമീറ്റര്‍ നീളമുണ്ടായിരുന്നുവെന്നും ഒന്നര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് കത്തി പുറത്തെടുക്കാനായതെന്നും വാജിദ്‌പുർ തിരാഹെ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബസ്‌ബരി സ്വദേശി മന്‍സാരാം എന്നയാളുടെ കരളിലാണ് കത്തി ആഴ്‌ന്നിറങ്ങിയത്. ഒരാഴ്‌ച മുമ്പാണ് മന്‍സാരാമിന് ഗുരുതരമായി പരിക്കേറ്റത്. രണ്ട് സംഘത്തില്‍പ്പെട്ട ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു.
മൂര്‍ച്ചയുള്ള കത്തി കരളില്‍ ആഴ്‌ന്നിറങ്ങി. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് ജില്ല ആശുപത്രിയിലേയ്‌ക്ക് മാറ്റാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ല ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ അനാസ്ഥ മൂലം ഇയാളുടെ ആരോഗ്യസ്ഥിതി വഷളായി.
തുടര്‍ന്ന് നവംബര്‍ 11ന് വാജിദ്‌പുര്‍ തിരാഹെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ ചികിത്സിച്ച ഡോക്‌ടര്‍ സിദ്ധാര്‍ഥ്, എക്‌സ്റെ എടുക്കാന്‍ ആവശ്യപ്പെടുകയും മന്‍സാരാമിന്‍റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയും ചെയ്‌തു. വയറ്റില്‍ രക്തം കട്ടപിടിക്കുന്നു എന്ന് കണ്ടെത്തിയ ഡോക്‌ടര്‍മാര്‍ ഉടന്‍ ശസ്‌ത്രക്രിയയ്ക്ക് നിര്‍ദേശിക്കുകയായിരുന്നു.
ALSO READ: ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍
അപകടനില തരണം ചെയ്‌തുവെങ്കിലും ആരോഗ്യനില സാധാരണയാകാന്‍ 2-3 ദിവസം വേണ്ടി വരുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ വിഭാഗത്തിന്‍റെയും അനാസ്ഥയാണ് മന്‍സാരാമിന്‍റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ഥാനാഗഡ്ഡി പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടാന്‍ മന്‍സാരാം എത്തിയെങ്കിലും നഗരത്തില്‍ ഇത്തരം കലഹങ്ങള്‍ പതിവാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കേരാക്കട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് മകന്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗിയ്‌ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനോ കരളില്‍ കുത്തേറ്റിട്ടുണ്ടെന്ന് അറിഞ്ഞിട്ടും എക്‌സ്‌റെ എടുക്കുവാനോ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.