ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിൽ ഖൂനി നല്ലയ്ക്ക് സമീപം തുരങ്കം തകർന്ന് ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇന്ന് പുലർച്ചെയാണ് രക്ഷാപ്രവർത്തകർ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുരങ്കത്തിൽ ഇനി എട്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ദൗത്യം ഊർജ്ജിതമായി നടക്കുകയാണ്.
കനത്ത മഴയും കനത്ത കാറ്റും ഉരുൾപൊട്ടലും കാരണം വെള്ളിയാഴ്‌ച വൈകിട്ടോടെ രക്ഷാപ്രവർത്തനം നിർത്തി വെച്ചിരുന്നു. തുടന്ന് ഇന്ന് പുലർച്ചെ 5.30 ഓടെയാണ് രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചത്. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും മൂന്ന് സ്റ്റോൺ ബ്രേക്കർ മെഷീനുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തങ്ങൾ നടത്തുന്നത്.
അതേസമയം മണ്ണിനടിയിൽ പെട്ടിരിക്കുന്ന തൊഴിലാളികൾ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ അറിയിച്ചു. 'കുടങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് എത്താൻ പാറപൊട്ടിക്കേണ്ടതിനാൽ കൂടുതൽ സമയം എടുക്കാൻ സാധ്യതയുണ്ട്. തുരങ്കത്തിന്‍റെ നീളം ഏകദേശം 3 മീറ്ററാണെങ്കിലും ശ്വാസം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. കുരുങ്ങിക്കിടക്കുന്നവർ അതിജീവിക്കാനുള്ള സാധ്യത കുറവാണ്. ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: ജമ്മു കശ്‍മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു
വ്യാഴാഴ്‌ച രാത്രി 10.15 ഓടെയാണ് റംബാൻ ജില്ലയിൽ ഖൂനി നല്ലയ്ക്ക് സമീപം ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നു വീണത്. തുരങ്കത്തിന്‍റെ 40 മീറ്ററോളം ഉള്ളിലാണ് അപകടം. മൂന്ന് പേരെ അപകട ദിവസം തന്നെ പുറത്തെത്തിച്ചിരുന്നു. സുരക്ഷ സേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ക്യുആർടി എന്നീ സംഘങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.