ന്യൂഡല്‍ഹി: 2019മെയ് 30നാണ് രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത്. 51 മന്ത്രിമാരുമായി അധികാരമേറ്റ മോദി സർക്കാരില്‍ അമിത് ഷായാണ് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. ബിജെപിയുടെ പ്രകടന പത്രികയില്‍ ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കും എന്നത് വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ രണ്ടാം മോദി സർക്കാർ അധികാരമേറ്റ് മൂന്ന് മാസത്തില്‍ അത് നടപ്പാക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചില്ല.
ബിജെപി സർക്കാർ അധികാരമേറ്റ് മൂന്ന് മാസത്തിന് ശേഷം 2019 ഓഗസ്റ്റ് അഞ്ചിന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ കാബിനറ്റ് യോഗം കഴിഞ്ഞ് പാർലമെന്റിലെത്തിയ അമിത് ഷായുടെ പ്രഖ്യാപനം വന്നതോടെ പ്രതിപക്ഷ പാർട്ടികൾ ഞെട്ടി. ഏത് പക്ഷത്ത് നില്‍ക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്ത് ആശയക്കുഴപ്പമായി. നാല് വർഷങ്ങൾക്കിപ്പുറം 2023 ഡിസംബർ 11 ന് നിർണായക വിധിയിലൂടെ സുപ്രീംകോടതി അത് ശരിവെച്ചു.
രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ 2019ലെ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി അംഗീകരിച്ചു. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370–ാം വകുപ്പ് താൽകാലികം മാത്രമെന്നും കശ്മീരിനെ കൂട്ടിച്ചേർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയാണെന്നും കോടതി വ്യക്തമാക്കി.
കശ്‌മീരിനെ രണ്ടാക്കിയ തീരുമാനം: ഭരണഘടനയുടെ 370 ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി, പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. രാഷ്ട്രപതിയുടെ ഉത്തരവു സംബന്ധിച്ച പ്രമേയവും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടന ബില്ലും രാജ്യസഭ ഓഗസ്റ്റ് 5ന് പാസാക്കി. പിന്നാലെ ലോക്സഭയിലും ബിൽ പാസായി.
370-ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാർക്കുള്ള പ്രത്യേക ആനുകൂല്യം സംബന്ധിച്ച 35എ വകുപ്പും ഇല്ലാതായി. പ്രത്യേക പദവി ഇല്ലാതായതോടെ, ജമ്മു കശ്മീരിന്റെ ഭരണഘടന പ്രാബല്യത്തിലല്ലാതായി. സംസ്ഥാനത്ത് പ്രാബല്യത്തിലായിരുന്ന ‘രൺബീർ ശിക്ഷ നിയമ’ത്തിനു (ആർപിസി) പകരം ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) നടപ്പായി.
ജമ്മു കശ്മീർ സംസ്ഥാനത്തെ കാർഗിൽ, ലേ ജില്ലകൾ ഉൾപ്പെടുന്നതാണു ലഡാക്ക്. ഇതു ചണ്ഡിഗഡ്, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കു സമാനമായ കേന്ദ്ര ഭരണപ്രദേശമായി. നിയമസഭയില്ല. ജമ്മു കശ്മീരിൽ പുതുച്ചേരി മാതൃകയിൽ നിയമസഭ. കാലാവധി 6 വർഷത്തിനു പകരം 5 വർഷമായി. ജമ്മു കശ്മീരിലും ലഡാക്കിലും ഗവർണർക്കു പകരം ലഫ്റ്റനന്റ് ഗവർണർമാർ. ഇരു കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി ഒരു ഹൈക്കോടതി.
ഇന്നും ഞെട്ടല്‍ മാറാതെ പ്രതിപക്ഷം: 2019 ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയില്‍ ബില്‍ പാസാകുമ്പോ പ്രതിപക്ഷം കാഴ്‌ചക്കാർ മാത്രമായിരുന്നു. പാർലമെന്റിൽ ബിജെപിക്കുള്ള വൻ ഭൂരിപക്ഷവും പ്രതിപക്ഷത്തിന്റെ ദൗർബല്യവും ബില്‍ പാസാക്കുന്നതില്‍ നിർണായകമായി. ബിജെപി സർക്കാരിനെ നഖശിഖാന്തം എതിർത്ത പല കക്ഷികളും കശ്മീർ വിഷയത്തിൽ കളം മാറ്റിച്ചവുട്ടി.
പാർലമെന്ററി സ്ഥിരം സമിതികളുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിശോധനയില്ലാതെ ബില്ലുകൾ പാസാക്കിയെടുക്കുന്നുവെന്ന പ്രതിപക്ഷ വിമർശനം ശക്തമായിരിക്കെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് അംഗീകരിക്കാനുള്ള പ്രമേയവും സംസ്ഥാന പുനഃസംഘടന ബില്ലും സർക്കാർ രാജ്യസഭയിൽ കൊണ്ടുവന്നത്. ബില്‍ ചരിത്രപരമെന്നു കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചപ്പോൾ, ജനാധിപത്യധ്വംസനമെന്ന പ്രതികരണത്തിലൊതുങ്ങി പ്രതിപക്ഷം.
ബില്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായി കശ്‌മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചതും ഉന്നത രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതും അമർനാഥ് യാത്ര ഉൾപ്പെടെ നിർത്തിവച്ചതും പതിനായിരക്കണക്കിന് അർധസൈനികരെ അധികമായി വിന്യസിച്ചതുമൊക്കെ പ്രതിപക്ഷം വിഷയങ്ങളായി ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനൊക്കെ ദിവസങ്ങളുടെ ആയുസ് മാത്രമാണുണ്ടായിരുന്നത്.
റദ്ദാക്കപ്പെട്ട ആർട്ടിക്കിൾ 370 : ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടന വ്യവസ്ഥകൾ പരിഷ്കരിക്കാൻ അധികാരം നൽകുന്ന 370 (1) വകുപ്പാണ് രാഷ്ട്രപതി പ്രയോഗിച്ചത്. 370 ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കണമെങ്കിൽ, ജമ്മു കശ്മീരിലെ ഭരണഘടന സഭയുടെ ശുപാർശ വേണമെന്നു 370(3) വ്യവസ്ഥയിൽ പറയുന്നുണ്ട്. ഭരണഘടന സഭ നിലവിലില്ല. അതിനാൽ, ഭരണഘടന സഭയെന്നു ഭരണഘടനയിലുള്ള പ്രയോഗത്തെ സംസ്ഥാന നിയമസഭ എന്നു രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാറ്റി. നിയമസഭയും നിലവിലില്ലാത്തതിനാൽ, പാർലമെന്റിനായി അധികാരം. ഗവർണറുടെ ശുപാർശപ്രകാരം രാഷ്ട്രപതി നൽകിയ ഉത്തരവാണു പാർലമെന്റിന്റെ പരിഗണനയ്ക്കു വന്നത്. ഇതടക്കം ആറ് കാര്യങ്ങളാണ് ആർട്ടിക്കിൾ 370യുടെ ഭാഗമായുണ്ടായിരുന്നത്. അവ താഴെ പറയുന്നു...
1. മറ്റു സംസ്ഥാനങ്ങൾക്കു ബാധകമാകുന്ന ഇന്ത്യൻ ഭരണഘടന സംസ്ഥാനത്തിനു ബാധകമല്ല. സംസ്ഥാനത്തിനു സ്വന്തം ഭരണഘടനയാവാം.
2. ജമ്മു കശ്മീരിനും ബാധകമാകുന്ന നിയമങ്ങൾ നിർമിക്കാൻ പാർലമെന്റിനുള്ള അധികാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ 3 വിഷയങ്ങളിൽ മാത്രം.
3. മറ്റു ഭരണഘടന വ്യവസ്ഥകളും കേന്ദ്രത്തിന്റെ അധികാരവും ജമ്മു കശ്മീരിൽ ബാധകമാക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ സമ്മതം വേണം.
4. മേൽപറഞ്ഞ സമ്മത വ്യവസ്ഥ താൽക്കാലികം. സംസ്ഥാന സർക്കാർ നൽകുന്ന സമ്മതത്തിന് കശ്മീരിലെ ഭരണഘടന സഭ അംഗീകാരം നൽകണം.
5. സമ്മതം നൽകാൻ സംസ്ഥാന സർക്കാരിനുള്ള അധികാരം ഭരണഘടന സഭ പ്രാബല്യത്തിൽ വരുന്നതുവരെ മാത്രം. അതായത്, ഈ അധികാരം താൽക്കാലികം.
6. ഉത്തരവിലൂടെ 370ാം വകുപ്പ് റദ്ദാക്കാനും ഭേദഗതി ചെയ്യാനും രാഷ്ട്രപതിക്ക് അധികാരം. എന്നതിൽ ഈ ഉത്തരവിന്റെ വിജ്ഞാപനമിറക്കണമെങ്കിൽ സംസ്ഥാനത്തെ ഭരണഘടന സഭയുടെ (ഇപ്പോൾ നിയമസഭ) ശുപാർശ വേണം.