ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയതായി 370 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,10,224 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത് രോഗികളാണ് വൈറസിന് കീഴടങ്ങിയത്. ഇതിൽ ആറ് മരണം ജമ്മുവിൽ നിന്നും മൂന്നെണ്ണം കശ്‌മീർ മേഖലയിൽ നിന്നുമാണ്. ഇതുവരെ, 1,694 പേർ ജമ്മു- കശ്‌മീരിൽ കൊവിഡ് ബാധിച്ചു മരിച്ചു.
പുതിയ രോഗികളിൽ 181പേർ ജമ്മുവിൽ നിന്നും 189 പേർ കശ്മീരിൽ നിന്നുമുള്ളവരാണ്. ഏറ്റവും കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്തിയത് 84 രോഗികളുള്ള ശ്രീനഗർ ജില്ലയിലാണ്. ജമ്മുവിൽ 81 ആളുകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 483 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. നിലവിൽ ജമ്മു കശ്‌മീരിലെ സജീവ കേസുകളുടെ എണ്ണം 5,000ൽ താഴെയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവിടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,562 ആണ്.