ന്യൂഡൽഹി : ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന 'ബുൾഡോസർ രാഷ്ട്രീയ'ത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി ജമിയത്ത് ഉലമ-ഇ-ഹിന്ദ്. ന്യൂനപക്ഷങ്ങൾ മാത്രമല്ല രാജ്യത്തിന്‍റെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണെന്ന് മൗലാന അർഷാദ് മദനി പ്രതികരിച്ചു. ഉത്തർപ്രദേശിൽ ബുൾഡോസറിന്‍റെ രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും ഇപ്പോൾ ഈ നീച പരമ്പര ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് പ്രകാരം ഏകപക്ഷീയമായ നടപടിയിൽ മുസ്ലിങ്ങളുടെ 16 വീടുകളും 29 കടകളും സർക്കാർ തകർത്തു. പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച വീടുകൾ പോലും നിലംപരിശാക്കി. അതേസമയം മധ്യപ്രദേശ് സർക്കാർ തങ്ങളുടെ ക്രൂരമായ നടപടിയെ ന്യായീകരിക്കുകയാണ് - അർഷാദ് മദനി പറഞ്ഞു.
മുസ്ലിം പ്രദേശങ്ങളിലും മസ്‌ജിദുകൾക്ക് മുന്നിലും പ്രകോപനങ്ങൾ നടക്കുന്നുണ്ട്. പൊലീസിന്‍റെ സാന്നിധ്യത്തിൽ വടികളും വാളുകളും വീശുകയും വളരെ പ്രകോപനപരവും വേദനാജനകവുമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. അവരെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന ഒരു നിയമവും സർക്കാരും രാജ്യത്ത് അവശേഷിക്കുന്നില്ല എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.
രാമനവമി ആഘോഷത്തിന്‍റെ വേളയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് മധ്യപ്രദേശിലെ ഖാർഗോണിൽ മുസ്ലിം വീടുകളും കടകളും സംസ്ഥാന സർക്കാരിന്‍റെയും ഭരണകൂടത്തിന്‍റെയും അറിവോടെ തന്നെയാണ് തകർത്തത്. ഇപ്പോൾ കോടതികളുടെ ജോലി സർക്കാർ ഏറ്റെടുത്തതായാണ് തോന്നുന്നത്. ഭരണാധികാരിയുടെ വായിൽ നിന്ന് വരുന്ന വാക്കുകളാണ് ഇപ്പോൾ ഇവിടുത്തെ നിയമം - അർഷാദ് മദനി കൂട്ടിച്ചേർത്തു.