ന്യൂഡൽഹി: നിലവിലെ സെമസ്റ്റർ പരീക്ഷകൾ ഓപ്പൺ ബുക്ക് മാതൃകയിൽ ഓൺലൈനായി നടത്തുമെന്ന് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി അധികൃതർ. പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് വിദ്യാർഥികളെ പരീക്ഷാ ക്രമീകരണങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി മാതൃകാ പരീക്ഷ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഒരു മണിക്കൂർ ദൈർഘ്യമുള്ള മാതൃകാ പരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാണെന്നും അത് വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ യഥാർത്ഥ പരീക്ഷ എഴുതാൻ അനുവദിക്കൂവെന്നും സർവ്വകലാശാല അറിയിച്ചു.
ഓൺലൈൻ മാതൃക പരീക്ഷക്കിടെ വിദ്യാർഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് നമ്പറും ഇമെയിൽ ഐഡിയും ഓഫിസ് ഓഫ് ദ കൺട്രോളർ ഓഫ് എക്സാമിനേഷൻ തയാറാക്കിയിട്ടുണ്ടെന്നും പരീക്ഷകൾ തീരുന്നതുവരെ പരീക്ഷയുടെ ഓരോ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുമെന്നും സർവ്വകലാശാലയിൽ നിന്ന് അറിയിച്ചു.
Also Read: സിബിഎസ്‌സി പരീക്ഷ റദ്ദാക്കല്‍ വിദ്യാർഥി സൗഹൃദമെന്ന് നരേന്ദ്ര മോദി
ഉത്തരക്കടലാസുകൾ അപ്‌ലോഡ് ചെയ്യാനുൾപ്പെടെ നാല് മണിക്കൂർ ആകും വിദ്യാർഥികൾക്ക് അനുവദിക്കുന്ന സമയം. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ആറ് മണിക്കൂർ അനുവദിക്കും. ടൈപ്പ് ചെയ്ത ഉത്തരക്കടലാസുകൾ പിഡിഎഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാനും സാധിക്കും.
അതേസമയം, നിലവിലെ കൊവിഡ് സാഹചര്യവും വിദ്യാർഥികൾ നേരിടുന്ന ലോജിസ്റ്റിക്കൽ പ്രശ്നങ്ങളും കണക്കിലെടുത്ത് പരീക്ഷകൾ റദ്ദാക്കണമെന്ന് ഇടതുപക്ഷത്തിന്‍റെ ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.