ചെന്നൈ: ജല്ലിക്കട്ട് മത്സരമെന്ന് ആദ്യം കേള്‍ക്കുമ്പോള്‍ തമിഴ്‌നാട്ടിലെ മധുരയാണ് മിക്കവരുടെയും മനസിലേക്ക് ആദ്യമെത്തുക. സ്ഥിരമായി ഈ കായിക മത്സരം മധുരയില്‍വച്ച് നടത്തുന്നതാണ് ഇങ്ങനെയൊരു ചിന്തയ്‌ക്ക് കാരണം. എന്നാൽ, ഈ പതിവിന് വിപരീതമായ സംഭവമാണ് ഇത്തവണ തമിഴ് മണ്ണ് സാക്ഷ്യം വഹിക്കുക.
മധുര ജില്ലയിലെ അളങ്കാനല്ലൂർ, പാലമേട് തുടങ്ങിയ ലോകപ്രശസ്‌തമായ, ജല്ലിക്കട്ട് മൈതാനങ്ങളില്‍ ഇത്തവണയും പൊങ്കല്‍ ആഘോഷത്തിന്‍റെ ഭാഗമായി മത്സരം പതിവുപോലെ നടക്കും. എന്നാല്‍, ഇതിനുപുറമെ ചരിത്രത്തിലാദ്യമായി ചെന്നൈ മത്സരത്തിന് വേദിയാകുന്നതാണ് ഇക്കുറിയുള്ള സവിശേഷത. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുന്‍പ് മേയറായി കസറിയ, സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ചെന്നൈയില്‍ ഗംഭീര ജല്ലിക്കട്ട് മത്സരം നടത്താനാണ് നീക്കം സജീവമായി നടക്കുന്നത്.
അതും എംകെ സ്റ്റാലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് അഞ്ചിന്. ഇതുസംബന്ധിച്ച് മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ഡിഎംകെ നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണത്തിന്‍റെ സംഘാടനത്തില്‍ നടത്താന്‍ പദ്ധതിയിടുന്ന ജല്ലിക്കട്ട് മത്സരത്തിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്.
ചെന്നൈയുടെ 'മനസറിഞ്ഞ്' ഡിഎംകെ സര്‍ക്കാര്‍: ചെന്നൈയിലെ ഷോപ്പിങ് മാളുകളിലടക്കം സ്ഥാപിച്ചിട്ടുള്ള കാളകളുടെ രൂപങ്ങളില്‍ നിന്നും വ്യക്തമാണ് ആളുകള്‍ക്ക് ഈ മത്സരത്തോടുള്ള അഭിനിവേശം. എന്നാല്‍, തലസ്ഥാനമായ ചെന്നൈയില്‍ ഈ കായിക മത്സരം നടത്താത്തതിനെതിരെ പലപ്പോഴായി ജനങ്ങള്‍ക്കിടയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുകൂടി മറികടക്കുക എന്ന ലക്ഷ്യംവച്ചാണ് ചെന്നൈയില്‍ ഒരു മത്സരം അങ്ങ് നടത്താനുള്ള തീരുമാനത്തിലേക്ക് ഡിഎംകെ സര്‍ക്കാരിനെ എത്തിച്ചത്.
മത്സരത്തില്‍ നേട്ടം കൊയ്യാന്‍ കാളകളെ മെരുക്കുന്ന പരിശീലനത്തിനായി യുവാക്കള്‍ സജീവമായി രംഗത്തുണ്ട്. തമിഴ്‌നാട് ഗ്രാമീണ വ്യവസായ മന്ത്രി ടിഎം അൻബരശനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചെന്നൈയിലെ ആലന്തൂർ മണ്ഡലത്തിലെ എംഎൽഎ കൂടിയായ അദ്ദേഹം ഇന്നലെ (ജനുവരി 10) മാധ്യമങ്ങളെ കണ്ടാണ് ഈ സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള പടപ്പായിയിൽ ഡിഎംകെയുടെ നേതൃത്വത്തിൽ 500 കാളകളെ കളിക്കളത്തിലിറക്കുന്ന ജല്ലിക്കട്ട് മത്സരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മത്സരം വീക്ഷിക്കാനെത്തുക പതിനായിരങ്ങള്‍: മത്സരത്തിനായി തമിഴ്‌നാട്ടിലെ മികച്ച കാളകളും മത്സരാര്‍ഥികളുമാണ് പങ്കെടുക്കാനെത്തുക. എംകെ സ്റ്റാലിന്‍റെ പേരിൽ ഒരു കാളയെ കെട്ടഴിച്ചുവിടും. ഒന്നാമതെത്തുന്ന ആള്‍ക്ക് ഒരു മോട്ടോർ ബൈക്ക് നൽകാനാണ് തീരുമാനം. ഇതിനോടകം നിരവധി മത്സരങ്ങൾ സംഘടിപ്പിച്ച ജല്ലിക്കട്ട് സംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് മത്സരം നടത്താൻ ഉദ്ദേശിക്കുന്നത്. 10,000 കാണികള്‍ക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. ഇതിനുള്ള പണികള്‍ ഒരു മാസം മുന്‍പ് തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കഴിഞ്ഞ വർഷം മത്സരം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് വ്യാപനവും മാർഗനിർദേശങ്ങളും നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ജല്ലിക്കട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. നിലവില്‍ ഈ ഉത്തരവ് പുറപ്പെടുവിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ് കോടതി.
2014ല്‍ സുപ്രീം കോടതി നിരോധിച്ച ജല്ലിക്കട്ട് പ്രത്യേക നിയമ ഭേദഗതിയിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ മത്സരം നടത്താന്‍ അനുമതി നല്‍കിയിരുന്നു. പിന്നാലെ, നിരവധി ഹര്‍ജികള്‍ കോടതിയില്‍ എത്തിയതോടെ നിരോധിക്കാന്‍ നീക്കം നടക്കുന്നുവെന്ന് കണ്ട് 2017ല്‍ ചെന്നൈ നഗരത്തില്‍ വന്‍ തോതില്‍ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധം ശക്തമായതോടെ തമിഴ്‌നാട്ടിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പിന്തുണയുമായി രംഗത്തെത്തുകയുണ്ടായി.