ജലന്ധര്‍: രണ്ടര പതിറ്റാണ്ടോളം കോണ്‍ഗ്രസ് കയ്യടക്കി വച്ചിരുന്ന ജലന്ധര്‍ പിടിച്ചെടുത്ത് ആം ആദ്‌മി പാര്‍ട്ടി. ജലന്ധര്‍ ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആം ആദ്‌മി ശക്തി കാണിച്ചത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടക പിടിച്ചടക്കി മധുരം വിളമ്പവെയാണ് കോണ്‍ഗ്രസിന് ജലന്ധറില്‍ അടിതെറ്റുന്നത്.
അന്ന് കോണ്‍ഗ്രസ്, ഇന്ന് എഎപി: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായിരുന്ന സുശീല്‍ കുമാര്‍ റിങ്കുവാണ് മണ്ഡലത്തില്‍ ആം ആദ്‌മി സ്ഥാനാര്‍ഥിയായി വിജയിച്ചുകയറിയത്. കോണ്‍ഗ്രസ് രംഗത്തിറക്കിയ കരംജിത് കൗറിനെ 58,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുശീല്‍ കുമാര്‍ റിങ്കു പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് റിങ്കുവിന് 3,02,279 വോട്ടും കരംജിത് കൗറിന് 2,43,588 വോട്ടുകളുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥിയായ ഇന്തര്‍ ഇഖ്‌ബാല്‍ സിങ് അത്വാള്‍ 1,58,445 വോട്ടുകളും ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി സുഖ്‌വിന്ദര്‍ കുമാര്‍ സുഖിയ്‌ക്ക് 1,34,800 വോട്ടുകളുമാണ് നേടാനായത്. മായാവതിയുടെ ബിഎസ്‌പി പിന്തുണച്ച സ്ഥാനാര്‍ഥി കൂടിയായിരുന്നു സുഖ്‌വിന്ദര്‍ കുമാര്‍ സുഖി.
തെരഞ്ഞെടുപ്പിലേക്ക് ഇങ്ങനെ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കരംജിത് കൗറിന്‍റെ ഭര്‍ത്താവും മുതിര്‍ന്ന നേതാവുമായ എംപി സന്തോഷ് സിങ് ചൗധരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സന്തോഷ് സിങിന്‍റെ മരണം. ഇതോടെ മെയ് 10 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. എന്നാല്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 63.04 ശതമാനത്തേക്കാൾ വളരെ താഴെയായിരുന്നു പോളിങ് നില.
തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ്: അതേസമയം തെരഞ്ഞെടുപ്പ് തോല്‍വി സമ്മതിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംങ് രാജ വാറിങ് രംഗത്തെത്തി. തങ്ങൾ ജനവിധി വിനയപൂർവം സ്വീകരിക്കുന്നു. ജലന്ദർ ഉപ തെരഞ്ഞെടുപ്പിനായി നടത്തിയ ശ്രമങ്ങൾക്ക് പാർട്ടി പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും അനുഭാവികൾക്കും പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വത്തിനും താൻ നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച സുശീൽ റിങ്കുവിനെയും എഎപി പാർട്ടിയേയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
മുമ്പ് ബിജെപി കോട്ടയിലും: അടുത്തിടെ 15 വർഷത്തിന് ശേഷം ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനിലെ (എംസിഡി) ബിജെപി ഭരണം ആം ആദ്‌മി പാര്‍ട്ടി തൂത്തെറിഞ്ഞിരുന്നു. ഇതോടെ ആകെയുള്ള 250 സീറ്റില്‍ 133 എണ്ണത്തിലും വിജയിച്ച് കേവല ഭൂരിപക്ഷമായ 126 മറികടക്കാന്‍ ആം ആദ്‌മി പാര്‍ട്ടിക്കായിരുന്നു. എന്നാല്‍ കുത്തകയാക്കി വച്ചിരുന്ന എംസിഡിയില്‍ 104 സീറ്റുകള്‍ നേടാനേ ഇത്തവണ ബിജെപിക്ക് കഴിഞ്ഞുള്ളു. എന്നാല്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ എവിടെയുമില്ലാത്ത സ്ഥിതിയിലായിരുന്നു കോണ്‍ഗ്രസ്. വെറും ഒന്‍പത് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.