ലണ്ടന്‍: വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ലണ്ടനിലെ ജി 7 നേതാക്കളുമായി ആശയവിനിമയം നടത്തും. ലോകത്തെ ചില പ്രമുഖ ജനാധിപത്യ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി ചേർന്ന് ജനാധിപത്യത്തിന് ഭീഷണിയായ ആഗോള പ്രശ്‌നങ്ങളിൽ നിർണായക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ നയതന്ത്ര സമ്മേളനമാണിത്. യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ചർച്ചകൾക്ക് നേതൃത്വം നൽകും. റഷ്യ, ചൈന, ഇറാൻ എന്നിവയുമായുള്ള ബന്ധവും മ്യാൻമറിലെ പ്രതിസന്ധി, എത്യോപ്യയിലെ അക്രമം, സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവുമാണ് പ്രധാന ചർച്ച വിഷയങ്ങൾ.
ലണ്ടനിലെ ലാൻകാസ്റ്റർ ഹൗസിൽ ജി 7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ്, യുകെ, അതിഥി രാജ്യങ്ങളായ കൊറിയ, ദക്ഷിണാഫ്രിക്ക, അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ഓസ്‌ട്രേലിയ, ഇന്ത്യ,കൊറിയ, ദക്ഷിണാഫ്രിക്ക, ആസിയാൻ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഇന്തോ പസഫിക് മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു.
തിങ്കളാഴ്ച ലണ്ടനിലെത്തിയ ജയ്‌ശങ്കർ ലണ്ടനിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കെന്റിലെ ഷെവെനിംഗിൽ വ്യാഴാഴ്ച റാബുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ലിബിയയിലെ സ്ഥിതിഗതികൾ, സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, എത്യോപ്യ, സൊമാലിയ, സഹേൽ, പടിഞ്ഞാറൻ ബാൽക്കൺ, ഉക്രെയ്ന്‍, ബെലാറസ് എന്നിവിടങ്ങളിലെ അവസ്ഥ. കൂടാതെ പ്രതിപക്ഷ നേതാവായ അലക്സി നവാൽനിയെ ജയിലിലടച്ചതും,റഷ്യയുടെ മോശം പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചവിഷയമാകും.