ന്യൂഡൽഹി : കൊവിഡ് വാക്സിൻ നിർമിക്കാൻ കൂടുതൽ കമ്പനികൾക്ക് ലൈസൻസ് നൽകാമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഏപ്രില്‍ 18ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഇതേ ആവശ്യമാണ് നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഗഡ്കരിയുടെ ബോസ് അത് ചെവിക്കൊള്ളാന്‍ തയാറായില്ലെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
വാക്‌സിന്‍ ലഭ്യതയേക്കാള്‍ ഏറെ കൂടുതലാണ് ആവശ്യകത എങ്കില്‍ അത് പ്രശ്‌നത്തിനിടയാക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഒരു കമ്പനി എന്നതിന് പകരം പത്ത് കമ്പനികള്‍ക്ക് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കണം. ഓരോ സംസ്ഥാനത്തും ഇത്തരത്തില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുന്ന മൂന്നോ നാലോ സംവിധാനങ്ങള്‍ ഉണ്ടാകും. രാജ്യത്ത് വിതരണം ചെയ്തതിന് ശേഷം അധികമുണ്ടെങ്കില്‍ കയറ്റുമതി ചെയ്യാനുമാകും. 15-20 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ചെയ്യാന്‍ കഴിയും. വാക്‌സിന്‍ ക്ഷാമം ഇല്ലാതാക്കാന്‍ ഇതാണ് പോംവഴിയെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഗഡ്കരി പറഞ്ഞിരുന്നു.
Read More………………കൊവിഡ് വാക്സിനുകൾ നിർമിക്കാൻ കൂടുതൽ ഫാർമ കമ്പനികളെ അനുവദിക്കണം: നിതിൻ ഗഡ്കരി
ഉത്പാദനം വര്‍ധിപ്പിക്കാനായി വാക്‌സിന്‍ ഫോര്‍മുല കൂടുതല്‍ കമ്പനികളുമായി പങ്കുവയ്ക്കണമെന്നും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സമാനമായ ആവശ്യം മുമ്പ് ഉന്നയിച്ചിരുന്നു.18 വയസിന് മുകളിലുളളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് ഒന്ന് മുതല്‍ ആരംഭിച്ചെങ്കിലും വാക്‌സിന്‍ ക്ഷാമം മൂലം പല സംസ്ഥാനങ്ങളിലും ദൗത്യം തടസപ്പെട്ടിരിക്കുകയാണ്. ആകെ ജനസംഖ്യയുടെ 10 ശതമാനം പേര്‍ക്ക് മാത്രമേ (141 ദശലക്ഷം) ഒരു ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. നാല് കോടി പേര്‍ക്കാണ് ഇതുവരെ രണ്ട് ഡോസും നല്‍കിയത്.