ജയ്‌പൂർ (രാജസ്ഥാന്‍): പാദസരം മോഷ്‌ടിക്കുന്നതിനായി 108 വയസുള്ള വൃദ്ധയുടെ കാൽപ്പാദം മുറിച്ച് മാറ്റി മോഷ്‌ടാക്കൾ. ജയ്‌പൂരിലെ ബസ് ബദൻപുര മീന കോളനിയിൽ ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) പുലർച്ചെ 5.30 ഓടെയാണ് സംഭവം. 108 വയസുള്ള യമുന ദേവിയുടെ കാലിലെ വെള്ളി പാദസരം കവരുന്നതിനായാണ് മോഷ്‌ടാക്കൾ ക്രൂരത നടത്തിയത്. ഗുരുതരമായി പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവ സമയത്ത് യമുന ദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകൾ പുലർച്ചെ ക്ഷേത്രത്തിലേക്ക് പോയ തക്കം നോക്കിയാണ് മോഷ്‌ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ഇവരുടെ കാലിലുണ്ടായിരുന്ന പാദസരം ഊരിയെടുക്കാൻ മോഷ്‌ടാക്കൾ ശ്രമിച്ചു. എന്നാൽ ഇതിന് കഴിയാത്തതിനെത്തുടർന്ന് കുളിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി പാദം മുറിച്ച് മാറ്റിയ ശേഷം പാദസരം മോഷ്‌ടിക്കുകയായിരുന്നു.
തുടർന്ന് യമുന ദേവിയുടെ കഴുത്തിൽ മാരകമായി പരിക്കേൽപ്പിച്ച ശേഷം മോഷ്‌ടാക്കൾ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയ മകൾ പാദം നഷ്‌ടപ്പെട്ട് രക്തം വാർന്ന നിലയിൽ അമ്മയെ കണ്ടെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഇവരുടെ വെട്ടിമാറ്റിയ പാദവും ആയുധങ്ങളും കണ്ടെടുത്തു. അതേസമയം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ മന്ത്രി മഹേഷ് ജോഷി പൊലീസിന് നിർദേശം നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.