ന്യൂഡൽഹി: വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കള്‍ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക നിരീക്ഷണത്തില്‍. ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളില്‍ തടവിലുള്ളവരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. പഴയ നക്‌സല്‍ ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിക്കാനും മവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കാനും തടവുകാര്‍ ശ്രമിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പ്രതികളെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്.
ജയിലില്‍ കഴിയുന്ന തടവുകാര്‍ പുറത്തുള്ള പ്രവർത്തകരുമായി (Over ground workers) ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനും ഐഇഡികള്‍ (Improvised Explosion Device) നിര്‍മിക്കുന്നതിനും തടവുകാരായ നേതാക്കള്‍ ഗൂഢാലോചന നടത്തുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മാവോയിസ്റ്റ് കേഡറായ പ്രദ്യുമൻ ശർമ്മയും മഗധ് മേഖലയിലെ സംഘടന പ്രവര്‍ത്തകനായ അഭിനവ് എന്ന ബിട്ടുവും തമ്മില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മഗധ് മേഖലയിലെ മാവോയിസ്റ്റ് സംഘടന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കാന്‍ നേതാക്കള്‍ പദ്ധതിയിട്ടിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കള്‍ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. മഗധ് മേഖല നേരത്തെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായിരുന്നു.
സംഘടനയ്ക്ക് ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടി കഞ്ചാവ്, കറുപ്പ് തുടങ്ങിയ നിരോധിത വസ്‌തുക്കളും സംഘം കൃഷി ചെയ്‌തിരുന്നു. ഇത്തരത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജയില്‍ തടവുകാരെ പ്രത്യേകം മാറ്റി പാര്‍പ്പിക്കാന്‍ ജയില്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചിരുന്നു.