ന്യൂഡൽഹി: ജഹാംഗിർപുരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടിയ്‌ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്. ഏപ്രില്‍ 16ന് വൈകിട്ട് പ്രദേശത്ത് നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രയിലെ അക്രമസംഭവങ്ങള്‍ക്ക് ശേഷമായിരുന്നു കോർപ്പറേഷന്‍റെ നീക്കം.
കടകളും ചേരികളുമടക്കം പൊളിച്ചുനീക്കി ഒഴിപ്പിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സ്റ്റേ. കേസിൽ വ്യാഴാഴ്‌ച വിശദവാദം കേൾക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡി.സി.പി) ഉഷ രംഗ്‌നാനിയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
"ഡൽഹിയിൽ ഉടനീളം അനധികൃത കെട്ടിടങ്ങള്‍ക്കെതിരായ നടപടി സ്വീകരിക്കും. നേരത്തെ നടപടിയ്‌ക്കായി സുരക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചില കാരണങ്ങളാൽ സുരക്ഷ ഒഴിവാക്കുകയായിരുന്നു." നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ രാജ ഇഖ്ബാൽ സിങ് പറഞ്ഞു.
പള്ളി സ്ഥിതിചെയ്യുന്ന, അനുമതിയില്ലാത്ത വഴിയിലൂടെയാണ് സംഘാടകര്‍ ഘോഷയാത്ര സംഘടിപ്പിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നോമ്പുതുറയ്‌ക്കായി ബാങ്കുവിളിച്ച സമയം ബജ്‌റംഗ്‌ദൾ, വി.എച്ച്.പി നേതാക്കള്‍ പള്ളിക്കുനേരെ ആക്രമണം നടത്തിയെന്നും തുടര്‍ന്ന് തിരിച്ചും ആക്രമണമുണ്ടായതോടെ സംഘര്‍ഷം ഗുരുതരമായെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമികളെ സഹായിച്ചെന്ന ആരോപണം ശക്തമാണ്.