ഹുബ്ബള്ളി (കര്‍ണാടക) : വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജി നല്‍കി ബിജെപി എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍. സ്‌പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരിയ്‌ക്ക് രാജി സമര്‍പ്പിച്ചതായി ജഗദീഷ് ഷെട്ടാര്‍ അറിയിച്ചു. 'ഹൃദയഭാരത്തോടെ ഞാൻ പാർട്ടിയിൽ നിന്ന് രാജിവയ്ക്കും. ഈ പാർട്ടി കെട്ടിപ്പടുത്തതും വളർത്തിയതും ഞാനാണ്. ചില പാർട്ടി നേതാക്കൾ എനിക്ക് പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കാനുള്ള സാഹചര്യം സൃഷ്‌ടിച്ചു' - ഷെട്ടാർ പറഞ്ഞു.
തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നെണ്ടെന്ന് ആരോപിച്ച ഷെട്ടാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. 'അവർ എന്നെ അവഗണിച്ചതിൽ ഞാൻ അസ്വസ്ഥനാണ്. ഈ സംഭവം മിണ്ടാതെ ഇരിക്കുന്നതിന് പകരം അവരെ വെല്ലുവിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഞാന്‍ മത്സരിക്കും' - അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ഷെട്ടാര്‍ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ച പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആറ് തവണ എംഎൽഎയായ ജഗദീഷ് ഷെട്ടാര്‍ രാജിക്കാര്യം അറിയിച്ചത്.
ഉന്നതരുമായി കൂടിക്കാഴ്‌ച, ഒടുവില്‍ നിരാശ : ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഇന്നലെയാണ് ജഗദീഷ് ഷെട്ടാര്‍ ബിജെപി ഉന്നത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്. യുവാക്കള്‍ക്ക് അവസരം നല്‍കാനാണ് പാര്‍ട്ടി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നാണ് നേതാക്കള്‍ തന്നെ അറിയിച്ചത് എന്ന് ഷെട്ടാര്‍ പറഞ്ഞു. പാര്‍ട്ടി ടിക്കറ്റില്‍ അല്ലാതെ മത്സരത്തിന് ഇറങ്ങാനാണ് ജഗദീഷ് ഷെട്ടാറിന്‍റെ തീരുമാനം.
കര്‍ണാടകയില്‍ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഷെട്ടാർ ആറ് തവണ എംഎല്‍എ ആയ ബിജെപിയിലെ പ്രമുഖ നേതാവാണ്. ലിംഗായത് നേതാവായ ഷെട്ടാറിന്‍റെ പ്രധാന പ്രതീക്ഷ വടക്കന്‍ കര്‍ണാടകയിലെ ലിംഗായത് വോട്ടുകളിലാണ്. കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപിയും സംസ്ഥാനം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസും ശക്തമായ പോരാട്ടം നടത്തുന്ന സാഹചര്യത്തില്‍ ഷെട്ടാറിനെ പോലൊരു പ്രമുഖന്‍ പാര്‍ട്ടി വിടുന്നത് ബിജെപിക്ക് ക്ഷീണം വരുത്തുമെന്ന് ഉറപ്പാണ്.
മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങാന്‍ ജഗദീഷ് ഷെട്ടാറിന് പാര്‍ട്ടി ഹൈക്കമാന്‍ഡ് വന്‍ ഓഫറുകള്‍ നല്‍കിയെങ്കിലും എല്ലാം നിരസിച്ചായിരുന്നു ഷെട്ടാറിന്‍റെ രാജി പ്രഖ്യാപനം.
ഷെട്ടാറിന് മുന്നില്‍ വച്ച ഓഫറുകൾ : ഷെട്ടാർ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ടിക്കറ്റ്. രാജ്യസഭ അംഗത്വം. കേന്ദ്രമന്ത്രി സ്ഥാനം. ബെലഗാവി ലോക്‌സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ടിക്കറ്റ്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗവർണര്‍ ആയുള്ള നിയമനം. ഹുബ്ലി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടാർ നാമനിർദേശം ചെയ്യുന്ന വ്യക്തിക്ക് നിയമസഭ തെരഞ്ഞെടുപ്പ് ടിക്കറ്റ്.
ഷെട്ടാര്‍ കൂടി രാജി സമര്‍പ്പിച്ചതോടെ ബിജെപിയ്‌ക്ക് ഈ ഘട്ടത്തില്‍ കനത്ത പ്രഹരമാണേല്‍ക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. 2019ൽ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാൻ 17 പേർക്കൊപ്പം ബിജെപിയിലെത്തിയ മഹേഷ് കുമത്തള്ളിക്ക് ബിജെപി ടിക്കറ്റ് നൽകിയതിൽ അത്താണി മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന സവാദി അസ്വസ്ഥനായിരുന്നു. വേറെയും ചില എംഎല്‍എമാരും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു.