ശ്രീനഗർ: ഗ്രാമീണ മേഖലയിലെ ആരോഗ്യ ശൃംഖല ശക്തിപ്പെടുത്താനും കൊവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിടുന്നതിനുമായി എല്ലാ പഞ്ചായത്തിലും അഞ്ച് കിടക്കകളുള്ള കൊവിഡ് കെയർ സെന്‍റർ സ്ഥാപിക്കണമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകി. അടുത്തുള്ള ആരോഗ്യ കേന്ദ്രവും പഞ്ചായത്ത് പ്രതിനിധികളുമായി കൂടിയാലോചിച്ച് സ്കൂളുകൾ, കമ്യൂണിറ്റി ഹാളുകൾ, പഞ്ചായത്ത് കെട്ടിടങ്ങൾ എന്നിവയിൽ അതിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ കാപെക്സ് ബജറ്റിൽ നിന്ന് ഒരു ലക്ഷം രൂപ ലഫ്റ്റനന്‍റ് ഗവർണർ അനുവദിച്ചു.
ജമ്മു-കശ്മീരിലെ നിരവധി വീടുകളിൽ ക്വാറന്‍റൈൻ ഏർപ്പെടുത്താനുള്ള സൗകര്യം ഇല്ലാത്തതിനാൽ എല്ലാ പഞ്ചായത്തുകളിലും ഒരു കൊവിഡ് കെയർ സെന്‍റർ ഉറപ്പാക്കണമെന്ന് ട്വീറ്റുകളിലൂടെ സിൻഹ ഡെപ്യൂട്ടി കമ്മീഷണർമാരോടും ആരോഗ്യ വകുപ്പിനോടും നിർദ്ദേശിച്ചു. കൊവിഡ് കെയർ സെന്‍ററുകളിൽ ആവശ്യമായ മെഡിക്കൽ കിറ്റുകൾ സജ്ജീകരിച്ച് അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധിപ്പിക്കുമെന്നും ക്വാറന്‍റൈൻ ആവശ്യമുള്ള ആളുകളെ പഞ്ചായത്തും ആശാ തൊഴിലാളികളും മെഡിക്കൽ സ്റ്റാഫുകളും കണ്ടെത്തുമെന്നും സിൻഹ പറഞ്ഞു.
Also Read: ലോക്ക് ഡൗൺ ലംഘനം : മലയാളം ബിഗ് ബോസ് സെറ്റ് അടച്ചുപൂട്ടി, ഒരു ലക്ഷം പിഴ
ഗ്രാമങ്ങളിൽ പരിശോധന നടത്തുന്നതിനായി പിആർഐകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ മൊബൈൽ ടെസ്റ്റിങ് വാനുകൾ ഉപയോഗിക്കുമെന്നും കൊവിഡ് കേന്ദ്രങ്ങളിലേക്ക് രോഗികളെ സുരക്ഷിതമായി എത്തിക്കുന്നതിനായി ആംബുലൻസുകളിൽ ഓക്സിജൻ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.