ന്യൂഡല്‍ഹി: ഇറ്റാലിയൻ കപ്പലിലെ നാവികരുടെ വെടിയേറ്റ് കൊല്ലം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.രണ്ട് നാവികര്‍ക്കെതിരെയുള്ള കേസാണ് അവസാനിപ്പിച്ചത്.
10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിച്ച ഇറ്റലി കഴിഞ്ഞ ദിവസം പണം സുപ്രീം കോടതിയില്‍ കെട്ടിവച്ചിരുന്നു. ഇത് പ്രകാരമാണ് കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. ഈ തുകയില്‍ 4 കോടി രൂപ വീതം മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കും 2 കോടി രൂപ ബോട്ടിന്റെ ഉടമയ്ക്കും ലഭിക്കും.
also read: കടല്‍ക്കൊല കേസ്; പത്ത് കോടി നഷ്ടപരിഹാരം നൽകി ഇറ്റാലിയന്‍ സർക്കാർ
2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊല്ലത്തിന് സമീപം തീരക്കടലിൽ സെന്റ് ആന്റണീസ് എന്ന ബോട്ടിന് നേരെയാണ് മസിമിലാനോ ലത്തോറെ, സാൽവദോർ ഗിറോണെ എന്നീ നാവികര്‍ വെടിയുതിർത്തത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ വാലന്റയിൻ ജലാസ്റ്റിൻ, അജേഷ് ബിങ്കി എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു. ബോട്ടും പാടെ തകര്‍ന്നു.