ബെംഗളൂരു : കോൺഗ്രസ് ഉള്‍പ്പടെ എല്ലാ മതേതര, പ്രാദേശിക പാർട്ടികളും രാജ്യതാൽപ്പര്യം മുൻനിർത്തി ഒന്നിക്കണമെന്ന് ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. വിവിധ പാർട്ടികളുടെ നേതാക്കളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ (ജനതാദള്‍ എസ്) എങ്ങനെ രക്ഷിക്കാം, വളർത്താം എന്ന അജണ്ട മാത്രമാണ് എന്‍റെ മുന്നിലുള്ളത്. കോൺഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ എന്താണ്? പ്രാദേശിക പാർട്ടികളുടേതിന് സമാനമായി ചില പ്രദേശങ്ങളില്‍ മാത്രം ചുരുങ്ങുകയാണ്. കോൺഗ്രസുൾപ്പടെ എല്ലാ മതേതര, പ്രാദേശിക പാർട്ടികളും രാജ്യതാൽപ്പര്യത്തിനായി ഒന്നിച്ചാല്‍ നല്ലതായിരിക്കും' - എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
Also read: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ; തെരഞ്ഞെടുപ്പ് പരാജയം അജണ്ട
2018ല്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാവേളയില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ അണിനിരത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. രണ്ടാമത് അത്തരമൊരു ശ്രമത്തിന് താന്‍ മുതിരില്ലെന്നും ദേവഗൗഡ നിലപാട് വ്യക്തമാക്കി.
മാർച്ച് 20ന് ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നേതാക്കളുടെയും പ്രവർത്തകരുടെയും യോഗം വിളിച്ചിട്ടുണ്ട്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മാസവും രണ്ട് ജില്ലകളില്‍ സന്ദർശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കോ കുമാരസ്വാമിക്കോ ഒറ്റയ്ക്ക് ഒന്നും നേടാനാകില്ലെന്നും നേതാക്കളും പ്രവര്‍ത്തകരും ഒരുമയോടെ പ്രവര്‍ത്തിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ പ്രശംസിച്ച് ദേവഗൗഡ
രാജ്യത്തുടനീളം ബിജെപിയുടെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധതയെ പ്രശംസിച്ച ദേവഗൗഡ പാർട്ടി നേതാക്കളും പ്രവർത്തകരും ഇതേ രീതിയില്‍ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. 'അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും മോദി വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മോദി ഗുജറാത്തിലേക്ക് പോയി, അവിടെ രണ്ട് ദിവസം ക്യാമ്പ് ചെയ്‌തു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും പാര്‍ട്ടി വിപുലീകരിക്കണമെന്ന ആഗ്രഹവും പ്രതിജ്ഞാബദ്ധതയും മോദിക്കുണ്ട്' - ദേവഗൗഡ പറഞ്ഞു.
ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാനും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനും കോൺഗ്രസിന് സാധിയ്ക്കാത്തതാണ് പഞ്ചാബിലെ മോശം പ്രകടനത്തിന് കാരണമായത്. ഇത് ആം ആദ്‌മി പാർട്ടിയ്ക്ക് പൂർണ നേട്ടമുണ്ടാക്കിയെന്നും ദേവഗൗഡ പറഞ്ഞു.
Also read: മണിപ്പൂരില്‍ ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിച്ച് ജെഡിയു