തിരുപ്പതി: 'ചന്ദ്രയാൻ - 3'ന്‍റെ മിനിയേച്ചറുമായി (ചെറുമാതൃക), തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെത്തി പൂജ നടത്തി ഐഎസ്ആർഒ ശാസ്‌ത്രജ്ഞര്‍. നാളെ (ജൂലൈ 14) ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും 'ചന്ദ്രയാൻ - 3' വിക്ഷേപണത്തിന് ഒരുങ്ങവെയാണ് ഇന്ന് രാവിലെ പൂജയ്‌ക്കായി ശാസ്‌ത്രജ്ഞര്‍ ക്ഷേത്രത്തിലെത്തിയത്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് പൂജയ്‌ക്കായി എത്തിയത്.
മിസൈലിന്‍റെ മിനിയേച്ചറുമായുള്ള ശാസ്‌ത്രജ്ഞരുടെ സംഘത്തിന്‍റെ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. നിരവധി പേരാണ് ഐഎസ്ആർഒ സംഘത്തിന്‍റെ തിരുപ്പതി സന്ദര്‍ശനത്തില്‍ വിയോജിപ്പ് അറിയിച്ചത്. ചന്ദ്രനിൽ 'സോഫ്റ്റ് ലാൻഡിങ്' നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിന്‍റെ ശക്തിയെ ഉയർത്തിക്കാട്ടുന്നതും ബഹിരാകാശ മേഖലയുടെ നിർണായക നാഴികക്കല്ലുമാണ് ഈ ഉദ്യമമെന്നും അദ്ദേഹം പറഞ്ഞു.
'ലാന്‍ഡിങ് ഓഗസ്റ്റ് 23നും 24നും ഇടയ്‌ക്ക്': 2019ൽ പരാജയപ്പെട്ട ദൗത്യത്തിന് ശേഷം, ജൂലൈ 14ന് ഉച്ചയ്ക്ക് 2.35ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ഔദ്യോഗികമായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. ദൗത്യത്തിന്‍റെ പ്രതീക്ഷിക്കുന്ന ലാൻഡിങ് ഓഗസ്റ്റ് 23നും 24നും ഇടയിലായിരിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഐഎസ്ആർഒ സയന്‍റിഫിക് സെക്രട്ടറി ശാന്തനു ഭട്‌വഡേക്കറും തിരുപ്പതി സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു. കൃത്യമായ ആസൂത്രണ മികവോടെയുള്ള ചന്ദ്രയാൻ ദൗത്യത്തിനാണ് തങ്ങള്‍ ഒരുങ്ങുന്നതെന്ന് ശാന്തനു ഭട്‌വഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 14ന് ഉച്ചയ്ക്ക് 2.35ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍റെ വിക്ഷേപണം. ഇതിന് മുന്നോടിയായി ഇന്ന് തന്നെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് 25 മണിക്കൂറും 30 മിനിറ്റുമുള്ള കൗണ്ട് ഡൗണിന് തുടക്കമായത്.
ലോഞ്ച് വെഹിക്കിൾ മാർക്ക് - മൂന്നുമായി (എല്‍വിഎം3) വിജയകരമായി സംയോജിപ്പിച്ചാണ് ഐഎസ്‌ഐര്‍ഒ ചന്ദ്രയാന്‍ വിക്ഷേപിക്കാനൊരുങ്ങുന്നത്. ചന്ദ്രയാൻ - 2 ദൗത്യം തിരിച്ചടി നേരിട്ട സാഹചര്യത്തില്‍, ആ പോരായ്‌മകൾ പരിഹരിച്ച് വിജയകരമായ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് മൂന്നാമത്തെ ദൗത്യം ലക്ഷ്യമിടുന്നത്. ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, ഒരു റോവർ എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് ചന്ദ്രയാൻ - 3 ബഹിരാകാശ പേടകത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ചന്ദ്രയാന്‍ വിക്ഷേപണത്തിന് മുന്‍പ് പുസ്‌തക പ്രകാശനം: ചന്ദ്രയാന്‍ വിക്ഷേപണത്തിന് മുന്‍പ് ശ്രീഹരിക്കോട്ടയില്‍ വച്ച് പുസ്‌തക പ്രകാശനം നടന്നത് ശ്രദ്ധേയമായി. ദേശീയ അവാർഡ് ജേതാവും ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ വിനോദ് മങ്കര (Vinod Mankara) രചിച്ച 'പ്രിസം: ദി ആൻസെസ്ട്രൽ എബോഡ് ഓഫ് റെയിൻബോ' (Prism: The Ancestral Abode of Rainbow) എന്ന പുസ്‌തത്തിന്‍റെ പ്രകാശനം ജൂലൈ 12ന് രാത്രിയിലാണ് നടന്നത്. ശാസ്ത്ര ലേഖനങ്ങളുടെ ഒരു ശേഖരമാണ് ഈ പുസ്‌തകം.