ശ്രീഹരിക്കോട്ട: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിനും ഗുജറാത്തിനും സഹായഹസ്തവുമായി ഐഎസ്ആര്‍ഒ. ക്രയോജനിക് എന്‍ജിനായി ഉല്‍പാദിപ്പിക്കുന്ന മേന്‍മയേറിയ ലിക്വിഡ് ഓക്‌സിജനാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍നിന്ന് കേരളത്തിലെത്തിലേക്ക് ഐഎസ്ആര്‍ഒ ഓക്സിജന്‍ എത്തിച്ചിരുന്നു.
റോക്കറ്റ് ലോഞ്ചിംഗ് ഇല്ലാത്തതിനാല്‍ മഹേന്ദ്രഗിരിയിലെ ഓക്‌സിജന്‍ പ്ലാന്‍റ് അടച്ചിട്ടിരുന്നു. എന്നാല്‍ ഓക്‌സിജന്‍ പ്രതിസന്ധി വന്നതോടെ പ്ലാന്‍റ് തുറന്ന് ഓക്‌സിജന്‍ ഉത്പാദനം പുനരാരംഭിക്കുകയായിരുന്നു. മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ ഓക്‌സിജന്‍ പുറത്തു കൊടുക്കാന്‍ അനുമതിയില്ല. കൊവിഡ് ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കൂ എന്ന് ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്നാണ് സൗജന്യമായി ഓക്‌സിജന്‍ നല്‍കി തുടങ്ങിയത്.
Read Also……വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് 4,020 ഓക്സിജന്‍ സിലിണ്ടറുകള്‍
ക്രയോജനിക് എന്‍ജിന് ഉപയോഗിക്കുന്ന ലിക്വിഡ് ഓക്‌സിജന് മെഡിക്കല്‍ ഓക്‌സിജനേക്കാള്‍ ശുദ്ധി കൂടുതലാണ്. ഓക്‌സിജന്‍ ഇതിനായി 100 ഡിഗ്രിക്ക് താഴെ തണുപ്പിച്ചാണ് ഉപയോഗിക്കുന്നത്. ബഹിരാകാശ സെന്‍ററിലെ ടാങ്കുകളിൽ നിന്ന് 1.65 ലക്ഷം ലിറ്റർ ലിക്വിഡ് നൈട്രജൻ ലിക്വിഡ് ഓക്സിജനാക്കി മാറ്റി ഗുജറാത്തിലെ ആശുപത്രികൾക്കായി നല്‍കി. പ്രധാന ബഹിരാകാശ ഗവേഷണ കേന്ദ്രമായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും ഏപ്രിൽ അവസാനം മുതൽ കേരളത്തിനും തമിഴ്‌നാടിനുമായി 150 ടൺ ദ്രാവക ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്.