ന്യൂഡൽഹി: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -03ന്‍റെ വിക്ഷേപണം വ്യാഴാഴ്‌ച നടത്തുമെന്ന് ഐഎസ്‌ആർഒ. കൗണ്ട്ഡൗൺ ബുധനാഴ്‌ച രാവിലെ ആരംഭിച്ചതായും ഐഎസ്‌ആർഒ അറിയിച്ചു.
ഓഗസ്റ്റ് 12ന് രാവിലെ 5.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയിൽ നിന്നായിരിക്കും ഇഒഎസ് -03യെ വഹിച്ചുകൊണ്ട് ജിഎസ്‌എൽവി എഫ് -10 കുതിച്ചുയരുക. കാലാവസ്ഥ അനുകൂലമാകുന്നുവെങ്കിൽ നിശ്ചയിച്ച പ്രകാരം ദൗത്യം പൂർത്തിയാക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
ALSO READ:കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ നാസ ഉപഗ്രഹം ; നൂതന മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍
ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ് -03. മുഴുവൻ സമയവും ഇന്ത്യൻ ഭൂഖണ്ഡത്തെ നിരീക്ഷിക്കുന്ന ഈ ഉപഗ്രഹം രാജ്യാതിർത്തികളുടെ തത്സമയ ചിത്രങ്ങൾ നൽകും. കൂടാതെ പ്രകൃതി ദുരന്തങ്ങൾ വേഗത്തിൽ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഓൺബോർഡ് ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിർത്തികളേയും തുടർച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹത്തിന് സാധിക്കും.
ജിഎസ്എൽവിയിൽ നിന്ന് വിക്ഷേപിക്കുന്ന 14ാമത്തെ ഉപഗ്രഹം കൂടിയാണിത്. കൊവിഡ് പശ്ചാത്തലത്തിൽ വിക്ഷേപണം പല തവണ മാറ്റിവച്ചിതിന് പിന്നാലെയാണ് വ്യാഴാഴ്‌ച വീണ്ടും പുതുചരിത്രം സൃഷ്‌ടിക്കാൻ ഐഎസ്‌ആർഒ ഒരുങ്ങുന്നത്.