രാമേശ്വരം (തമിഴ്‌നാട്): ചന്ദ്രയാന്‍ ദൗത്യം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് (S Somanath). ചന്ദ്രയാന്‍ 3 (Chandrayaan 3) ദൗത്യത്തിന്‍റെ നിര്‍മ്മാണ പുരോഗതി വീക്ഷിച്ച ശേഷം നാസയിലെ റോക്കറ്റ് വിദഗ്‌ധർ ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യ അവരുമായി പങ്കിടാൻ നിർദേശിച്ചതായാണ് ഐഎസ്ആർഒ ചെയർമാൻ വെളിപ്പെടുത്തിയത് (ISRO Chief Disclosure- US Experts Wanted India To Share Space Technology With Them). അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്‌ദുൾ കലാമിന്‍റെ 92-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു സോമനാഥ്. ഡോ. എപിജെ അബ്‌ദുൾ കലാം ഫൗണ്ടേഷനാണ് അദ്ദേഹത്തിന്‍റെ ജന്മനാടായ രാമേശ്വരത്ത് പരിപാടി സംഘടിപ്പിച്ചത്.
ചന്ദ്രയാൻ -3 ന്‍റെ ബഹിരാകാശ പേടകം രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുമ്പോൾ തങ്ങൾ നാസയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നിന്നുള്ള വിദഗ്‌ധരെ ക്ഷണിച്ചതായി ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. നാസയുടെ ജെപിഎല്ലിൽ നിന്ന് ഏകദേശം 5-6 പേർ ISRO ആസ്ഥാനത്തേക്ക് വന്നു. ചന്ദ്രയാൻ -3 നെക്കുറിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ വിശദീകരണം കേട്ടതിന് ശേഷം ഇന്ത്യയുടെ സാങ്കേതികവിദ്യ എന്തുകൊണ്ട് അമേരിക്കക്ക് വിറ്റുകൂടാ എന്ന് നാസയിലെ വിദഗ്ധർ ചോദിച്ചതായാണ് എസ് സോമനാഥ് വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ ശാസ്ത്ര ഉപകരണങ്ങൾ വളരെ ചിലവ് കുറഞ്ഞതാണെന്നും നിർമിക്കാൻ വളരെ എളുപ്പമാണെന്നും നാസയിലെ സാങ്കേതിക വിദഗ്‌ധർ അഭിപ്രായപ്പെട്ടു. 'അവ ഉയർന്ന സാങ്കേതികവിദ്യയാണ്, നിങ്ങൾ എങ്ങനെയാണ് ഇത് നിർമ്മിച്ചത്? എന്തുകൊണ്ടാണ് നിങ്ങൾ ഇത് അമേരിക്കയ്ക്ക് വിൽക്കാത്തത്?' എന്നെല്ലാം നാസയിലെ ശാസ്ത്രജ്ഞർ ചോദിച്ചതായും ഐഎസ്ആർഒ ചെയർമാൻ വെളിപ്പെടുത്തി. "അതിനാൽ നിങ്ങൾക്ക് (വിദ്യാർത്ഥികൾക്ക്) കാലം എങ്ങനെ മാറിയെന്ന് മനസ്സിലാക്കാൻ കഴിയും. ഇന്ത്യയിൽ മികച്ച ഉപകരണങ്ങളും മികച്ച ഉപകരണങ്ങളും മികച്ച റോക്കറ്റുകളും നിർമ്മിക്കാൻ നമ്മൾ പ്രാപ്‌തരാണ്. അതുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹിരാകാശ രംഗം തുറന്നത്" എസ് സോമനാഥ് കൂട്ടിച്ചേർത്തു.