ന്യൂഡൽഹി : ഐഎസിന്‍റെ ദക്ഷിണേഷ്യയിലെ ഖൊറാസാൻ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഭർത്താവ് ഉൾപ്പെട്ട സംഘത്തിനൊപ്പം അറസ്റ്റിലായ കശ്മീരി യുവതിയ്ക്ക് ജാമ്യം നല്‍കുന്നതിനെതിരെ ദേശീയ അന്വേഷണ ഏജൻസി.
പ്രത്യേക കോടതിക്ക് നൽകിയ മറുപടിയിലാണ് എൻഐഎ എതിർപ്പ് അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചതിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധത്തിന് പ്രേരിപ്പിച്ചതിനുമാണ് ഹിന ബഷീർ ബീഗിനെയും ഭർത്താവ് ഉൾപ്പെട്ട സംഘത്തെയും എൻഐഎ അറസ്റ്റ് ചെയ്തത്.
നിരോധിത തീവ്രവാദ സംഘടനയായ ഐഎസ്, ഐഎസ്‌കെപി എന്നിവയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാരിനോടുള്ള അതൃപ്തി ഉയർത്തുന്നതിനും പ്രതികൾ ഇന്ത്യയിലും വിദേശത്തുമുള്ള ആളുകൾക്കൊപ്പം ഗൂഢാലോചന നടത്തിയതായി എൻഐഎ ആരോപിക്കുന്നു.
Also read: ഒന്നൊഴിയാതെ മറ്റൊന്ന് ; കര്‍ണാടകയില്‍ ഡെൽറ്റ'യ്‌ക്ക് ശേഷം 'ഡെൽറ്റ പ്ലസ്' വകഭേദവും
ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുക, ഇന്ത്യയുടെ ഐക്യം, സമഗ്രത, പരമാധികാരം, സുരക്ഷ എന്നിവയ്ക്കെതിരെ നിലപാടെടുക്കല്‍, കൊലപാതകങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്യല്‍ എന്നിവയാണ് എന്‍ഐഎ ആരോപിക്കുന്നത്.
ഐഎസ്ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തി
സിഎഎ വിരുദ്ധ (പൗരത്വ ഭേദഗതി നിയമം) പ്രതിഷേധത്തിലൂടെ അമുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഐസ് ഐസില്‍ ചേരാൻ ഇന്ത്യയിലെ മുസ്ലീം മതത്തിൽപ്പെട്ടവരെ പ്രേരിപ്പിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും എൻഐഎ പറഞ്ഞു.
ജാമ്യാപേക്ഷ നൽകിയ ഹിന ബഷീർ ബീഗ് സമൂഹ മാധ്യമങ്ങൾ വഴി ദുർബല മനസുള്ളവരെ കണ്ടത്തി ഭർത്താവിനും സഹപ്രവർത്തകനും ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അയച്ചിരുന്നു. ശേഷം ഭർത്താവും സഹപ്രവർത്തകനും ചേർന്ന് ഈ ആളുകളെ ബ്രെയിൻ വാഷ് ചെയ്ത് റിക്രൂട്ട്‌മെന്റ് ചെയ്തിരുന്നതായും എൻഐഎ പറയുന്നു.
സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചന, രാജ്യദ്രോഹം, ഐപിസിയുടെ കലാപമുണ്ടാക്കിയതിന് പ്രകോപനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമപ്രകാരം മൂന്ന് പ്രതികൾക്കെതിരെയും കേസെടുത്തിരിക്കുന്നത്.