ചെന്നൈ: ലോകകപ്പ് സ്വപ്‌നം കാണുന്ന ടീം ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടിയാണ് സ്റ്റാർ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്‍റെ അഭാവം. പനി കാരണം ശുഭ്‌മാൻ ഗില്‍ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിനുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്‌ച (ഒക്‌ടോബർ എട്ടിന്) ഓസ്ട്രേലിയയെ നേരിടുമ്പോൾ ഇന്ത്യയ്ക്ക് ശുഭ്‌മാൻ ഗില്ലിന്‍റെ സേവനം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ ആരാകും രോഹിതിന് ഒപ്പം ഓപ്പൺ ചെയ്യുക എന്ന ചിന്തയിലാണ് ആരാധകർ.
നേരത്തെ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള രോഹിത് ശർമ- ഇഷാൻ കിഷൻ കൂട്ടുകെട്ടാകും ഓസീസിന് എതിരെ ഓപ്പൺ ചെയ്യുക എന്നതാണ് പുതിയ റിപ്പോർട്ടുകൾ. India's World Cup opener against Australia. ഓപ്പണറായി ഇരട്ട സെഞ്ച്വറി അടക്കം നേടിയിട്ടുള്ള ഇഷാൻ കിഷൻ നിലവില്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. മധ്യനിരയില്‍ ഇടംകയ്യൻ ബാറ്ററുടെ അഭാവം നികത്താനാണ് കിഷനെ പരീക്ഷിക്കുന്നതെന്ന് ടീം മാനേജ്‌മെന്‍റും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഗില്ലിന്‍റെ അഭാവത്തില്‍ ഇഷാൻ ഓപ്പണറുടെ റോളിലെത്തുമെന്നാണ് സൂചന. ഈ വർഷം ഏകദിനത്തില്‍ ഓപ്പണറായി അഞ്ച് മത്സരങ്ങൾ കളിച്ച ഇഷാൻ കിഷൻ മൂന്ന് അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. നേരത്തെ ഓപ്പണറായി തിളങ്ങിയിട്ടുള്ള കെഎല്‍ രാഹുലിനെയും ടീം ഇന്ത്യ ആ റോളിലേക്ക് ആലോചിച്ചിരുന്നു.
എന്നാല്‍ മധ്യനിരയില്‍ തിളങ്ങുന്ന രാഹുലിനെ ഓപ്പണറാക്കേണ്ടെന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം. 2022ലാണ് രാഹുല്‍ അവസാനമായി ഏകദിനത്തില്‍ ഓപ്പണറായത്. പരിക്കിന് ശേഷം ഇക്കഴിഞ്ഞ ഏഷ്യ കപ്പില്‍ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ രാഹുല്‍ മധ്യനിരയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.
പനിയില്‍ 'കൂടില്ലെന്ന്' പ്രതീക്ഷിച്ച്: ശുഭ്‌മാൻ ഗില്‍ ഇന്നലെയും ഇന്നും ടീം ഇന്ത്യയുടെ പരിശീലന സെഷനുകളില്‍ പങ്കെടുത്തിട്ടില്ല. ഡെങ്കിപ്പനി സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്‍റ് സ്ഥിരികരണം നടത്തിയിട്ടില്ല. വിശദമായ പരിശോധനളുടെ ഫലം കാത്തിരിക്കുകയാണ് ടീം മാനേജ്‌മെന്‍റ്.
ഗില്ലിന് സാധാരണ പനി മാത്രമാണെന്നും അത് ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്നുമാണ് ടീം മാനേജ്‌മെന്‍റ് കരുതുന്നത്. അവസാനം കളിച്ച നാല് ഏകദിനങ്ങളില്‍ രണ്ട് സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും അടക്കം മികച്ച ഫോമിലാണ് ശുഭ്‌മാൻ ഗില്‍. 1230 റൺസുമായി ഈ വർഷത്തെ റൺവേട്ടക്കാരുടെ പട്ടികയിലും ഗില്‍ മുന്നിലാണ്.