റാഞ്ചി: മുൻ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ അയൽവാസിയാകാനൊരുങ്ങി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ക്രിക്കറ്റിനൊപ്പം റിയൽ എസ്റ്റേസ്റ്റ് ബിസിനസും കൈകാര്യം ചെയ്യുന്ന കിഷൻ റാഞ്ചിയിലെ സിംലിയയിലെ റിംങ് റോഡിനുള്ള ധോണിയുടെ ഫാം ഹൗസിന് അടുത്ത് തന്റെ റിയൽ എസ്റ്റേറ്റ് പ്രോജക്ട് ആരംഭിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭൂമി പൂജയുൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.
ഷഗുൻ ഇഷാൻ ഇൻഫ്രാ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് റിയൽ എസ്റ്റേറ്റ് പ്രോജക്ട് ഒരുങ്ങുന്നതെന്നാണ് വിവരം. ഇഷാൻ റിയൽ എസ്റ്റേസ്റ്റ് മേഖലയിലും സജീവമാവുകയാണെന്നും ഇതിനായി ധോണിയുടെ ഫാം ഹൗസിന് വളരെ അടുത്തുതന്നെ പദ്ധതി തുടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തുകയാണെന്നും താരത്തിന്റെ പിതാവ് പ്രണവ് കുമാർ പാണ്ഡെ ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം ഇന്ന് നടക്കുന്ന ഭൂമി പൂജയിൽ മലയാളി താരം സഞ്ജു സാംസണ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം. രഞ്ജി ട്രോഫിയിൽ കേരളവും ജാർഖണ്ഡും തമ്മിലുള്ള മത്സരം റാഞ്ചിയിലെ ജെഎസ്സിഎ ഗ്രൗണ്ടിലാണ് നടക്കുന്നത്. അതിനാൽ കിഷന്റെ അടുത്ത സുഹൃത്ത് കൂടിയായ സഞ്ജുവും ഭൂമി പൂജയിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.