കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടതുപാര്‍ട്ടി സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളെത്തുന്നു. ഇന്ത്യൻ സെക്കുലർ ഫോഴ്‌സ് (ഐ.എസ്.എഫ്), രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എന്നീ പാര്‍ട്ടികളും സഖ്യത്തിനൊപ്പം ചേരുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.
ഐ.എസ്.എഫ്, ആർ.ജെ.ഡി, എൻ.സി.പി തുടങ്ങിയ മതേതര പാർട്ടികൾ കോൺഗ്രസ്-ഇടതു സഖ്യത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരു യോഗം സംഘടിപ്പിക്കുകയും ചെയ്‌തു. ഈ മതേതര പാര്‍ട്ടികളെ ബഹുമാനിക്കുന്നു. അതുകൊണ്ടു തന്നെ അവര്‍ മത്സരിക്കുന്നയിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. അതിനാലാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക വൈകുന്നതെന്ന് ആദിര്‍ രഞ്ജൻ ചൗധരി പറഞ്ഞു. അതേസമയം സഖ്യത്തിനൊപ്പം ചേരാൻ വിസമ്മതിക്കുന്ന തൃണമൂൽ കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കോൺഗ്രസും ഇടതുപക്ഷവും സഖ്യമുണ്ടാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മുൻ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും ടിഎംസിയും തമ്മിലാണ് പോരാട്ടം നടന്നിരുന്നത്. എന്നാല്‍ ഇത്തവണ അത് മാറും. കോണ്‍ഗ്രസിന്‍റെയും ഇടതുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ മഹാസഖ്യം രംഗത്തെത്തുമ്പോള്‍ പോരാട്ടം കനക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും ആദിര്‍ ചൗധരി പറഞ്ഞു. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മൊയ്ദുൽ ഇസ്‌ലാം മിദ്യയുടെ മരണത്തെയും അദ്ദേഹം അപലപിച്ചു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താത്ത മുഖ്യമന്ത്രി മമത ബാനർജിയെ അദ്ദേഹം വിമർശിച്ചു.
ഫെബ്രുവരി 11 ന് പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റായ നബന്നയിലേക്ക് ഇടതുപക്ഷ കക്ഷികൾ നടത്തിയ മാർച്ചിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഇസ്‌ലാം മിദ്യയ്‌ക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് അദ്ദേഹം മരിച്ചത്. അതേസമയം, ഐ.എസ്.എഫിനെയും മഹാസഖ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വൻ റാലി നടത്തുമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമാൻ ബോസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു,
ആകെയുള്ള 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും ഇടതുമുന്നണി സഖ്യവും രണ്ട് തവണ യോഗം ചേർന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളും കോൺഗ്രസും ഒത്തുചേർന്ന് 76 സീറ്റുകൾ നേടിയിരുന്നു. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്.