സിലിഗുരി : ദക്ഷിണേന്ത്യയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് മികച്ച അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). ദക്ഷിണേന്ത്യയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക ട്രെയിനിൽ ഭക്ഷണം മുതല്‍ താമസം വരെ മുഴുവന്‍ ക്രമീകരണങ്ങളുമൊരുക്കിയാണ് വിനോദ സഞ്ചാരികള്‍ക്കുള്ള ഐആർസിടിസിയുടെ ക്ഷണം. ഇതിനായി സ്വദേശ് ദർശൻ സ്‌പെഷ്യല്‍ ടൂറിസ്‌റ്റ് ട്രെയിൻ എന്നാണ് ഐആർസിടിസി പേരിട്ടിരിക്കുന്നത്.
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് : മാർച്ച് 15 ന് നോർത്ത് ഈസ്‌റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ (എൻഇഎഫ്ആർ) കതിഹാർ സ്‌റ്റേഷനിൽ നിന്നാണ് ട്രെയിൻ യാത്ര ആരംഭിക്കുക. കതിഹാറിൽ നിന്ന് മുങ്കർ, ഭഗൽപൂർ, ദുംക, കൊൽക്കത്ത എന്നിവിടങ്ങളിലെ യാത്രക്കാരുമായി ട്രെയിൻ ദക്ഷിണേന്ത്യയിലേക്ക് പുറപ്പെടും. തിരുപ്പതി, രാമേശ്വരം, കന്യാകുമാരി, മധുര, മല്ലികാർജുൻ തുടങ്ങിയ സ്ഥലങ്ങളിലാണ് യാത്രയ്‌ക്ക് സ്‌റ്റോപ്പുകളുള്ളത്. ദക്ഷിണേന്ത്യന്‍ യാത്രയ്‌ക്കായി ഐആർസിടിസി മൂന്ന് പാക്കേജുകളും തയ്യാറാക്കിയിട്ടുണ്ട്.
പാക്കേജുകള്‍ ഇങ്ങനെ: ഐആർസിടിസിയുടെ ഈ പാക്കേജ് പ്രകാരം ദക്ഷിണേന്ത്യന്‍ യാത്രയ്‌ക്ക് തയ്യാറെടുക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 20,900 രൂപയും, എസി ത്രീ ടയർ ടിക്കറ്റ് 34,500 രൂപയും, എസി ടു ടയർ പാക്കേജിന് 43,000 രൂപയുമാണ് നിരക്ക്. താമസം, ഭക്ഷണം, യാത്ര ഇവയെല്ലാം ഈ നിരക്കില്‍ ഉള്‍പ്പെടും. യാത്രയെയും പാക്കേജിനെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
എന്തുകൊണ്ട് 'ദക്ഷിണേന്ത്യ': ഐആർസിടിസി എല്ലാ വർഷവും വിനോദസഞ്ചാരികൾക്കായി ഇത്തരം പ്രത്യേക ടൂർ പാക്കേജുകൾ സംഘടിപ്പിക്കാറുണ്ട്. ദക്ഷിണേന്ത്യയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെയാണ് ഇത്തവണ ഈ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ക്രമീകരിച്ചത്. യാത്ര സംബന്ധമായ എല്ലാ ചെലവുകളും പാക്കേജില്‍ ഉള്‍പ്പെടുമെന്നും അധിക ചിലവ് ഉണ്ടാകില്ലെന്നും ഐആർസിടിസി ചീഫ് സൂപ്പർവൈസർ ദീപാങ്കർ മന്ന അറിയിച്ചു.
പെട്ടെന്നുള്ള അസുഖങ്ങള്‍ക്ക് പ്രാഥമിക ചികിത്സ ഉള്‍പ്പടെ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇത്രയും കുറഞ്ഞ നിരക്കിൽ സന്ദർശിക്കാൻ യാത്രികര്‍ക്ക് അവസരം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.