ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണ്‍ മുതൽ ഹോം-എവെ ഫോർമാറ്റിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. നിയുക്ത വേദികളിൽ 10 ടീമുകളും ഹോം മത്സരം കളിക്കുമെന്നും ഗാംഗുലി വ്യക്‌തമാക്കി. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 മുതൽ ഐപിഎൽ മത്സരങ്ങൾ ചുരുക്കം വേദികളിൽ മാത്രമാണ് നടത്തിയിരുന്നത്.
2020ൽ ദുബായിലും 2021ൽ മുംബൈയിലുമായാണ് മത്സരങ്ങൾ നടത്തിയത്. അതേസമയം 2020ന് ശേഷം ആദ്യമായി സമ്പൂര്‍ണ ആഭ്യന്തര സീസണ്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. കൂടാതെ എല്ലാ മൾട്ടി-ഡേ ടൂർണമെന്‍റുകളും ഹോം-എവേ ഫോർമാറ്റുകളിലേക്ക് മടങ്ങുമെന്നും ഗാംഗുലി വ്യക്‌തമാക്കി.
വനിത ഐപിഎൽ ഉടൻ: അതേസമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിത ഐപിഎൽ 2023ൽ ആരംഭിക്കാനാണ് ശ്രമമെന്നും ഗാംഗുലി പറഞ്ഞു. ബിസിസിഐ ഏറെ പ്രതീക്ഷയോടെത്തന്നെ വനിത ഐപിഎല്ലിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ്. അടുത്ത വർഷം ആദ്യം തന്നെ സീസണ്‍ ആരംഭിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, ഗാംഗുലി പറഞ്ഞു.
ഈ സീസൺ മുതൽ പെൺകുട്ടികളുടെ അണ്ടർ 15 ഏകദിന ടൂർണമെന്‍റ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലോകമെമ്പാടും വനിത ക്രിക്കറ്റ് അഭൂതപൂർവമായ വളർച്ച കൈവരിച്ചു. ദേശീയ ടീം മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നു. ഈ പുതിയ ടൂർണമെന്‍റ് നമ്മുടെ പെൺകുട്ടികൾക്ക് ദേശീയ മത്സരങ്ങളിലും അന്താരാഷ്‌ട്ര തലങ്ങളിലും കളിക്കാനുള്ള വഴിയൊരുക്കും. ഗാംഗുലി കൂട്ടിച്ചേർത്തു.
ഡിസംബർ 26 മുതൽ ജനുവരി 12 വരെ ബാംഗ്ലൂർ, റാഞ്ചി, രാജ്‌കോട്ട്, ഇൻഡോർ, റായ്‌പൂർ, പൂനെ എന്നീ അഞ്ച് വേദികളിലായാണ് 15 വയസിന് താഴെയുള്ളവരുടെ ആദ്യ വനിത മത്സരം നടക്കുക.