ദുബായ് : സഞ്ജുവിന്‍റെ ഒറ്റയാൾ പോരാട്ടം. ബൗളർമാരുടെ മികച്ച ഫോം. ഇതു മാത്രം കൊണ്ട് ഐപിഎല്‍ മത്സരം ജയിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ മത്സരത്തോടെ രാജസ്ഥാൻ റോയല്‍സിന് മനസിലായിക്കാണും. മധ്യനിര ഉണർന്നു കളിച്ചില്ലെങ്കില്‍ ഇന്ന് സൺറൈസേഴ്‌സിനെ നേരിടുമ്പോൾ രാജസ്ഥാൻ റോയല്‍സ് വിയർക്കും.
കൃത്യ സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാത്തതിനാല്‍ വൻ തുക പിഴയായി നല്‍കേണ്ടി വന്ന നായകനും സഹതാരങ്ങളും അത്തരം സമ്മർദ്ദത്തെയും ഇന്ന് അതിജീവിക്കണം. ഒന്നര മണിക്കൂറില്‍ 20 ഓവർ എറിഞ്ഞു തീർത്തില്ലെങ്കില്‍ സഞ്ജു സാംസണ് അടുത്ത മത്സരത്തില്‍ വിലക്കിന് സാധ്യതയുണ്ട്.
അതേസമയം, ഈ സീസണില്‍ കളിച്ച ഒൻപത് മത്സരത്തില്‍ ഒരെണ്ണം മാത്രം ജയിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് ടൂർണമെന്‍റില്‍ പുറത്താകലിന്‍റെ വക്കിലാണ്. ഇനിയുള്ള എല്ലാ മത്സരവും ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയുപരാജയങ്ങളും അതും കൂടാതെ ഭാഗ്യവും ചേർന്നാല്‍ മാത്രമേ സൺറൈസേഴ്‌സിന് സെമി ഫൈനല്‍ സ്വപ്‌നം കാണാൻ സാധിക്കൂ.
എന്നിരുന്നാലും ആരെയും തോല്‍പ്പിക്കാൻ ശേഷിയുള്ള മുൻ ഐപിഎല്‍ ചാമ്പ്യൻമാർക്ക് ഇന്ന് അഭിമാന പോരാട്ടമാണ്. തുടർ പരാജയങ്ങളില്‍ നിന്ന് ജയിച്ചു കയറാനുള്ള മത്സരമായാണ് കെയിൻ വില്യംസണും കൂട്ടരും ഇന്നത്തെ മത്സരത്തെ കാണുന്നത്.
ദുബായ് ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളും ഈ ടൂർണമെന്‍റില്‍ ആദ്യം ഏറ്റുമുട്ടിയപ്പോൾ റോയല്‍സിനായിരുന്നു ജയം.
ബൗളിങ് ഓകെ, ബാറ്റിങ് പോര
രാജസ്ഥാൻ നിരയില്‍ ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്‌സ് എന്നിവരുടെ അഭാവം നിഴലിക്കുന്നുണ്ട്. അതിനൊപ്പം വിൻഡീസ് താരം എവിൻ ലൂയിസ്, ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് എന്നിവരും ഇന്നത്തെ മത്സരത്തില്‍ കളിക്കാൻ സാധ്യതയില്ല.
പകരം ഡേവിഡ് മില്ലർ, ടി ഷംസി എന്നിവരാകും ടീമില്‍ ഉൾപ്പെടുക. നായകൻ സഞ്ജു സാംസണെ കൂടാതെ യശശ്വി ജയ്‌സ്‌വാൾ, ലിയാം ലിവിങ്സ്റ്റോൺ, മഹിപാല്‍ ലോംറോർ, റിയാൻ പരാഗ്, രാഹുല്‍ തെവാത്തിയ എന്നിവർ കൂടി ഫോമില്‍ എത്തിയാല്‍ മാത്രമേ രാജസ്ഥന് മികച്ച സ്കോറും ജയവും സ്വന്തമാക്കാനാകൂ.
ബൗളിങ് നിരയില്‍ കാർത്തിക് ത്യാഗി, ചേതൻ സകരിയ, മുസ്‌തഫിസുർ റഹ്‌മാൻ എന്നിവർ മികച്ച ഫോമിലാണ്. നിലവില്‍ ആറാം സ്ഥാനത്തുള്ള രാജസ്ഥാന് ഇനിയുള്ള മത്സരങ്ങൾ ജയിച്ചാല്‍ മാത്രമേ സെമിഫൈനല്‍ ഉറപ്പിക്കാനാകൂ.
മൊത്തം പാളിയ സൺറൈസേഴ്‌സ്
ബൗളിങും ബാറ്റിങും അടക്കം കളിയുടെ സർവ മേഖലയിലും മോശം പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഈ ടൂർണമെന്‍റില്‍ പുറത്തെടുത്തത്. ബാറ്റിങില്‍ നായകൻ കെയ്‌ൻ വില്യംസൺ, ഡേവിഡ് വാർണർ അടക്കമുള്ള വിദേശ താരങ്ങൾ ഇനിയും ഫോമിലെത്തിയിട്ടില്ല.
വിദേശ താരങ്ങളില്‍ ജേസൺ ഹോൾഡറും റാഷിദ് ഖാനും മാത്രമാണ് മികച്ച ഫോമിലുള്ളത്. ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെ, കേദാർ ജാദവ്, അബ്‌ദുൾ സമദ്, വൃദ്ധിമാൻ സാഹ, സന്ദീപ് ശർമ, ഭുവനേശ്വർ കുമാർ എന്നിവരെല്ലാം മോശം ഫോമിലാണ്.