ന്യൂഡല്‍ഹി: റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരന്‍ സിങ്ങിനെതിരായുള്ള ലൈംഗികാതിക്രമ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഏഴ് അംഗ സമിതി രൂപീകരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ഇതിഹാസ ബോക്‌സിങ് താരം മേരിക്കോം, റസ്‌ലര്‍ യോഗേശ്വർ ദത്ത്, അമ്പെയ്‌ത്ത് താരം ഡോല ബാനര്‍ജി, വെയിറ്റ്ലിഫ്‌റ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ സഹ്‌ദേവ് യാഥവ് എന്നിവരടങ്ങുന്ന സമിതിയെയാണ് രൂപീകരിച്ചത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അടിയന്തര എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പരാതികള്‍ അന്വേഷിക്കാന്‍ തീരുമാനമായത്.
ഒളിമ്പിക് താരം ശിവ കേശവന്‍ പ്രത്യേക അതിഥിയായെത്തിയ യോഗത്തില്‍ അഭിനവ് ബിന്ദ്ര, യോഗേശ്വര്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ, ജോയിന്‍റ് സെക്രട്ടറി കല്ല്യാണ്‍ ചൗബേ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ സമരം ചെയ്യുന്ന കായിക താരങ്ങളാണ് പരാതി നല്‍കിയത്. ലൈംഗികാതിക്രമം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയവയാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരെയും പരിശീലകര്‍ക്കെതിരെയും കായിക താരങ്ങള്‍ ആരോപിക്കുന്നത്.
മറുപടി 22ന് ശേഷമെന്ന് ബ്രിജ് ഭൂഷണ്‍ സിങ്: ഈ മാസം 22 നടക്കാനിരിക്കുന്ന സ്‌പോര്‍ട്‌സ് ബോഡിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കുമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ മകന്‍ പ്രതീക് പറഞ്ഞു. രാജ്യത്തെ മികച്ച കായിക താരങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് രാവിലെ ബ്രിജ് ഭൂഷണ്‍ സ്വദേശമായ ഗോണ്ഡയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്ത് ഏഴ് മണിക്കൂര്‍ വൈകിയ ശേഷം ഗോണ്ഡ സദാര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയും ബ്രിഡ് ഭൂഷന്‍റെ മകനുമായ പ്രതീക് എത്തി രേഖാമൂലമുള്ള പ്രസ്‌താവന മറുപടിയായി ജനുവരി 22ന് അച്ഛന്‍ നല്‍കുമെന്ന് അറിയിക്കുകയായിരുന്നു.
'ഞങ്ങള്‍ക്ക് സംഭവം രാജ്യമെമ്പാടുമുള്ള അംഗങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. അതിന് ശേഷം മാത്രമെ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളു. ഞങ്ങള്‍ എന്ത് തീരുമാനമെടുത്താലും രേഖാമൂലമുള്ള പ്രസ്‌താവന വഴി മാധ്യമങ്ങളെ അറിയിക്കും'- പ്രതീക് പറഞ്ഞു.
ALSO READ:ലൈംഗികാതിക്രമത്തിന് പുറമെ സാമ്പത്തിക ക്രമക്കേടുകളും; ബ്രിജ് ഭൂഷണെതിരെ പിടി ഉഷയ്‌ക്ക് പരാതി
രാജിവയ്‌ക്കില്ലെന്ന് സിങ്: രാജ്യത്തെ മികച്ച കായിക താരങ്ങള്‍ നടത്തുന്നത് ഷഹീന്‍ ബാഗ് മോഡല്‍ സമരമാണെന്നും താന്‍ സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കില്ലെന്നും ബ്രിജ് ഭൂഷണ്‍ സിങ് പറഞ്ഞു. അതിനിടെ ഡബ്ലിയുഎഫ്‌ഐ പ്രസിഡന്‍റിന്‍റെയും പരിശീലകരുടെയും ലൈംഗിക ചൂഷണത്തിനും ഭീഷണിപ്പെടുത്തലിനും എതിരെ ജന്തർ മന്ദറിൽ ബുധനാഴ്‌ച ആരംഭിച്ച അത്‌ലറ്റുകളുടെ സമരം ശക്തമാവുകയാണ്. ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് സമരം നടത്തുന്നത്.
കായികതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ നേരത്തെ തന്നെ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ ഉത്കണ്‌ഠാജനകവും അസ്വസ്ഥതപ്പെടുത്തുന്നതാണെന്നുമാണ് ഉഷ പ്രതികരിച്ചത്. രാജ്യത്തെ വനിത കായികതാരങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും. നീതി ഉറപ്പാക്കാന്‍ ശരിയായ അന്വേഷണം ഉറപ്പാക്കുമെന്നും അവര്‍ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.