ന്യൂഡല്‍ഹി : പ്രമുഖ ദേശീയ വാര്‍ത്ത ചാനലായ എന്‍ഡിടിവിയുടെ ഉടമസ്ഥത ഏറ്റെടുക്കുന്നതിന് മുന്നോടിയായി വിഷയത്തില്‍ പ്രതികരിച്ച് പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഏറ്റെടുക്കലിന് ശേഷവും എന്‍ഡിടിവിയുടെ സ്ഥാപകനായ പ്രണോയ് റോയിയോട് ചാനലിന്‍റെ തലപ്പത്ത് തന്നെ തുടരുന്നതിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദാനി വ്യക്തമാക്കി. എന്‍ഡിടിവിയെ ആഗോള മാധ്യമമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായാണ് ശ്രമമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
'എന്‍ഡിടിവിയെ ഏറ്റെടുക്കുന്നത് ഒരു ബിസിനസ് അവസരമായിട്ടല്ല, ഉത്തരവാദിത്തമായാണ് കാണുന്നത്. സര്‍ക്കാരുകളടക്കം ആരെങ്കിലും തെറ്റായി എന്തെങ്കിലും ചെയ്‌താല്‍ അത് തെറ്റാണെന്ന് പറയുന്നതാണ് മാധ്യമ സ്വാതന്ത്ര്യം കൊണ്ട് അര്‍ഥമാക്കുന്നത്. അതേസമയം സര്‍ക്കാര്‍ നല്ലത് ചെയ്‌താല്‍ അത് നല്ലതാണ് എന്ന് പറയാനും മാധ്യമങ്ങള്‍ തയ്യാറാവണം' - അദാനി പറഞ്ഞു.
എന്‍ഡിടിവി അദാനിയുടെ നിയന്ത്രണത്തില്‍ വന്നാല്‍ ചാനലിന്‍റെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നഷ്‌ടമാകുമെന്ന ആശങ്ക പല മാധ്യമ പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രകടിപ്പിച്ചിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വലിയ തിരിച്ചടിയാണ് അദാനിയുടെ എന്‍ഡിടിവിയുടെ ഏറ്റെടുക്കല്‍ ഉണ്ടാക്കുക എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പം കാരണം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനര്‍ഹമായി സഹായിക്കുന്നുണ്ടെന്ന വാദം അദാനി തള്ളി. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ വികസന കാര്യത്തിലെ മുന്‍ഗണനകളുമായി തന്‍റെ ഗ്രൂപ്പ് യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി 2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം അദാനി ഗ്രൂപ്പ് വലിയ രീതിയിലുള്ള വളര്‍ച്ചയാണ് കൈവരിച്ചത്. മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. അദാനിയുടെ ആസ്ഥി 88.5 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. മുകേഷ് അംബാനിയുടേത് 87.9 ബില്യണ്‍ അമേരിക്കന്‍ ഡോളറും.
ടൈംസ് ഗ്രൂപ്പിന്‍റെ ഇംഗ്ലീഷ് ചാനലായ ടൈംസ് നൗ, സിഎന്‍എന്‍- ന്യൂസ് 18 അടക്കമുള്ള മാധ്യമസ്ഥാനങ്ങള്‍ അടങ്ങുന്ന നെറ്റ്‌വര്‍ക്ക് 18 എന്നിവ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ്.