ഉദംപൂര്‍: രാജ്യത്തെ ഏറ്റവും വലിയ യോഗ കേന്ദ്രം ജമ്മു കശ്‌മീരില്‍ ഒരുങ്ങുന്നു. 9,782 കോടി രൂപയാണ് അന്താരാഷ്‌ട്ര യോഗ കേന്ദ്രത്തിന്‍റെ നിര്‍മാണത്തിന്‍റെ ആകെ ചെലവ്. നിര്‍മാണത്തിന്‍റെ 98 ശതമാനവും ഇതിനോടകം തന്നെ പുരോഗമിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഉദംപൂരിലെ മാന്‍ടലൈ ഗ്രാമത്തിലൊരുങ്ങുന്ന യോഗ കേന്ദ്രത്തിന്‍റെ നിര്‍മാണത്തിലൂടെ പ്രാദേശിക വിനോദ സഞ്ചാരം മെച്ചപ്പെടുവാനും സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ മാറ്റം സൃഷ്‌ടിക്കുവാനും സാധിക്കുമെന്ന് സ്ഥലത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഹിമാലയത്തിൽ സാൽ വനങ്ങളുടെ മടിത്തട്ടിലാണ് മാന്‍ടലൈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമതലങ്ങളുടെയും കുന്നുകളുടെയും ആകെയുള്ള കാഴ്‌ച ഇവിടെ നില്‍ക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നു.
മാത്രമല്ല, താവി നദിയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ അന്താരാഷ്‌ട്ര യോഗ കേന്ദ്രത്തിന് കൂടുതല്‍ കണ്‍കുളിര്‍മ നല്‍കുന്നു. സ്വിമ്മിങ് പൂളുകള്‍, ബിസിനസ് സമ്മേളന കേന്ദ്രങ്ങള്‍, ഹെലിപാഡുകള്‍, സ്‌പ, ഭക്ഷണ ശാലകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങളും കേന്ദ്രത്തില്‍ ഒരുങ്ങുന്നുണ്ട്. സോളാരിയം ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിദത്തമായ താമസസൗകര്യങ്ങള്‍, ജിംനേഷ്യം ഓഡിറ്റോറിയങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾ, മെഡിറ്റേഷൻ കേന്ദ്രങ്ങള്‍, എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകാണ്.
പ്രഷാദ് പദ്ധതി പ്രകാരം 52 കോടി രൂപയാണ് സംസ്ഥാനത്തെ കത്ര വൈഷ്ണോയി ദേവി തീര്‍ഥാടന കേന്ദ്രത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. യോഗകേന്ദ്രത്തിന്‍റെയും കത്ര തീര്‍ഥാടനത്തിന്‍റെയും വികസനങ്ങള്‍ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ഫലവത്താക്കുവാനും ആത്മീയത ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുവാനും സാധിക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു.