ഹൈദരാബാദ് : കൊവിഡ് കേസുകളിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യയ്‌ക്കകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്‌ട്ര വാണിജ്യ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിവിധ വിമാന കമ്പനികളുമായുള്ള ചർച്ചകൾക്ക് ശേഷം, 2022 മാർച്ച് 27 മുതൽ നേരത്തേ ഷെഡ്യൂൾ ചെയ്തിരുന്ന സമയക്രമത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനമായത്. രണ്ട് വർഷത്തിന് ശേഷമാണ് അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കുന്നത്.
അന്താരാഷ്‌ട്ര യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള, ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും സർവീസുകൾ നടത്തുകയെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഈ നടപടിയിലൂടെ ഏവിയേഷൻ മേഖല പുതിയ ഉയരങ്ങളിലെത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.
ALSO READ:റഷ്യക്കെതിരെ പോരാടാൻ ഇന്ത്യൻ പൗരനും ; കോയമ്പത്തൂർ സ്വദേശി സായ് നികേഷ് യുക്രൈൻ സൈന്യത്തിൽ
മാർച്ച് 27 മുതൽ അന്താരാഷ്‌ട്ര വിമാന യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചതായും ശേഷം നിലവിലെ എയർ ബബിൾ ക്രമീകരണങ്ങൾ റദ്ദാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 23 മുതൽ ഇന്ത്യയ്‌ക്കകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്‌ട്ര വാണിജ്യ വിമാനങ്ങളുടെ സർവീസ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.