ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നേരെ സമൂഹം സഹതാപത്തോടെയും അവശത നേരിടുന്നയാള്‍ സ്വയം അപകര്‍ഷതാബോധത്തോടെയും തന്നെയാണ് മിക്കപ്പോഴും കടന്നുപോകാറുള്ളത്. സമൂഹത്തിലെ മറ്റു ചിലരാകട്ടെ ഭിന്നശേഷിക്കാരെ ഒരു ബാധ്യതയായും കരുതാറുണ്ട്. എന്നാല്‍ അവശതകളെ സ്വയം മറികടന്ന് ഇവര്‍ പുറത്തുവരുമ്പോള്‍ എല്ലാംമറന്ന് എഴുന്നേറ്റുനിന്ന് കയ്യടിക്കുകയും ആ നേട്ടത്തിന്‍റെ പങ്കുപറ്റുകയും ചെയ്യുന്ന നമ്മളോരോരുത്തരുമടങ്ങുന്ന സമൂഹം ഒരിക്കല്‍പോലും അവര്‍ക്കായി ഒരിറ്റ് അധ്വാനം പോലും ചെലവഴിക്കാത്തവരാകാം.
എന്നാല്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഇവര്‍ക്ക് ചെറിയൊരു കൈത്താങ്ങായാല്‍ അവര്‍ക്കും ഒരു സാധാരണ ജീവിതം സാധ്യമാകും. ഇതെക്കുറിച്ചുള്ള അവബാധം സൃഷ്‌ടിക്കാനായാണ് എല്ലാവര്‍ഷവും ഡിസംബര്‍ മൂന്ന് ഭിന്നശേഷിക്കാരുടെ അന്താരാഷ്‌ട്ര ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാരുമായും മറ്റ് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുമായും ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് സമൂഹത്തിന്‍റെ ശ്രദ്ധ ക്ഷണിക്കുക, അവര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള ശ്രമങ്ങള്‍ നടത്തുക എന്നതാണ് ഈ ദിനം പ്രധാനമായും വിളിച്ചുപറയുന്നത്.
മുന്‍വിധി വേണ്ട: ഭിന്നശേഷിക്കാരെ സംബന്ധിച്ച് സമൂഹത്തില്‍ അവശേഷിക്കുന്ന മുന്‍വിധിയും വിവേചനങ്ങളും പൂര്‍ണമായും നീക്കം ചെയ്യുക എന്ന ആശയത്തോടെയാണ് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനം ആചരിക്കുന്നത്. കൂടാതെ ഇത്തവണത്തെ അന്താരാഷ്‌ട്ര ഭിന്നശേഷി ദിനത്തിന്‍റെ പ്രമേയം തന്നെ "എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായുള്ള പരിവര്‍ത്തന പ്രതിവിധികള്‍: തുല്യവും പ്രാപ്യവുമായ ലോകത്തിന് ഇന്ധനമാകുന്നതിന് നവീകരണത്തിന്‍റെ പങ്ക്" എന്നതാണ്.
ആരംഭം എങ്ങനെ: 1992 ലാണ് ഐക്യരാഷ്‌ട്രസഭ 'ഭിന്നശേഷിക്കാരുടെ അന്താരാഷ്‌ട്ര ദിനം' ആരംഭിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും, അവരുടെ ആത്മാഭിമാനം നിലനിര്‍ത്താനും, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും 1992 ല്‍ ഐക്യരാഷ്‌ട്രസഭയുടെ 47-ാം ജനറല്‍ അസംബ്ലിയിലാണ് ഈ ദിവസം നിശ്ചയിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുന്നത്. മാത്രമല്ല 1983 മുതൽ 1992 വരെയുള്ള കാലയളവ് ഭിന്നശേഷിക്കാരുടെ അന്താരാഷ്‌ട്ര ദശകമായും ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ചിരുന്നു.
കണക്കുകള്‍ കഥപറയുമ്പോള്‍: ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ടിലെ കണക്കുകള്‍ അനുസരിച്ച് ലോകജനസംഖ്യയുടെ ഏതാണ്ട് 15 ശതമാനം ആളുകള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. ഇത് ഉദ്യേശം നൂറുകോടിയിലധികം വരും. ഇവരില്‍ 80 ശതമാനം ആളുകളും വികസ്വര രാജ്യങ്ങളില്‍ താമസിക്കുന്നവരുമാണ്.
ഇതിനൊപ്പം തന്നെ യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) 2021 നവംബറില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകമെമ്പാടും ഉദ്യേശം 24 കോടി ഭിന്നശേഷിക്കാരായ കുട്ടികളുണ്ട് എന്നാണ്. അതായത് പത്തില്‍ ഒരു കുട്ടി ശാരീരിക വൈകല്യം നേരിടുന്നു. മാത്രമല്ല ഈ റിപ്പോര്‍ട്ട് അനുസരിച്ച് 18 നും അതിന് മുകളിലുമുള്ള സ്‌ത്രീകളില്‍ ശരാശരി 19 ശതമാനം പേര്‍ ഭിന്നശേഷിക്കാരും (അഞ്ചില്‍ ഒരു സ്‌ത്രീ), ഇതേ പ്രായത്തിലുള്ള പുരുഷന്മാരില്‍ ശരാശരി 12 ശതമാനം പേര്‍ ഭിന്നശേഷിക്കാരുമാണ്. അതായത് ലോകത്താകമാനം ഈ പ്രായത്തിലുള്ള ഏതാണ്ട് 80 കോടി പേര്‍ ഭിന്നശേഷിക്കാരാണ്.
പ്രശ്‌നങ്ങള്‍ എന്തെല്ലാം: റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍ ഭിന്നശേഷിക്കാരായ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും സമൂഹത്തില്‍ സാധാരണമായുള്ള കണ്ടുവരുന്ന വ്യവസ്ഥാപിതമായ തടസങ്ങള്‍ നേരിടുന്നുണ്ട്. മാത്രമല്ല അവശത ഇവരുടെ സാമൂഹിക സാമ്പത്തിക നിലയിലും കരിനിഴല്‍ വീഴ്‌ത്തുന്നുണ്ട്. കൂടാതെ ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ആവശ്യമായ ആരോഗ്യ സേവനങ്ങളെ സമീപിക്കാനാകുന്നില്ല. വിദ്യാഭ്യാസ രംഗത്തും തൊഴിലവസരങ്ങള്‍ നേടുന്നതിലും ഭിന്നശേഷിക്കാര്‍ക്ക് ഈ അവഗണന തുടരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇത്തരത്തില്‍ ഭിന്നശേഷിക്കാരെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളും വിവേചനവും വേരോടെ പിഴുതെറിയുക എന്ന ആശയത്തോടെയാണ് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനം ആരംഭിച്ചത്. ഇത് വലിയ തോതില്‍ ഫലം കാണുകയും ചെയ്‌തു. എന്നാല്‍ വിദ്യാഭ്യാസം തൊഴില്‍ ജീവിതനിലവാരം എന്നീ മേഖലകളില്‍ അന്താരാഷ്‌ട്ര ഭിന്നശേഷി ദിനത്തിന്‍റെ ഉദ്യേശം പൂര്‍ണമായും കൈവരിക്കാനായിട്ടില്ല എന്നത് മറ്റൊരു വെല്ലുവിളിയായി അവശേഷിക്കുന്നു.
എന്താണ് ഈ 'ഭിന്നശേഷി': ശാരീരികവും മാനസികവുമായ എല്ലാ അവശതകളും ഭിന്നശേഷി അല്ലെങ്കില്‍ ശാരീരിക വെല്ലുവിളി എന്ന വിശാലമായ പദത്തിന് കീഴില്‍ വരും. ഭിന്നശേഷി എന്നതുകൊണ്ട് പ്രധാനമായും അടയാളപ്പെടുത്തുന്നത് ഈ പ്രശ്‌നങ്ങളെയും അവശതകളെയുമാണ്:
- കാഴ്‌ച വൈകല്യം അനുഭവിക്കുന്നവര്‍ (വളരെ കുറഞ്ഞതോ കാഴ്‌ച ശക്തി, ഭാഗികമായ അന്ധത അല്ലെങ്കില്‍ പൂര്‍ണ അന്ധത എന്നിവ ഇതില്‍ ഉള്‍പ്പെടും).
- സംസാരം കേള്‍വി എന്നിവയ്‌ക്ക് ബുദ്ധിമുട്ടോ അല്ലെങ്കില്‍ സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത ആളുകള്‍.
- അസുഖങ്ങള്‍, ജനിതക കാരണങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ കൊണ്ട് നടക്കാനോ, സാധാരണ ജീവിതം നയിക്കാനോ കഴിയാത്തവര്‍.
- മാനസിക വൈകല്യങ്ങള്‍ അല്ലെങ്കില്‍ മാനസിക രോഗത്തിന് ഇരയായവര്‍, കൂടാതെ എഴുതാനോ വായിക്കാനോ പെരുമാറാനോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താനോ കഴിയാത്ത ആളുകൾ.
- ഒന്നിലധികം വൈകല്യങ്ങളുള്ള ആളുകൾ (അതായത് ശരീരത്തിന്‍റെ പല ഭാഗങ്ങളില്‍ അവശതകള്‍ നേരിടുകയോ ശരീരത്തിന്‍റെ ഒന്നോ ഒന്നില്‍ അധികമോ ഭാഗങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ അവശത നേരിടുന്നത് വഴി ജോലി ചെയ്യാന്‍ കഴിയാത്തവര്‍)
- ഡൗൺ സിൻഡ്രോം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സെറിബ്രൽ പാൾസി തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ.