വാരണാസി : ഇന്ത്യയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയൊരുങ്ങുന്ന പുത്തന്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇന്ന് (സെപ്‌റ്റംബര്‍ 23) തറക്കല്ലിടും. പ്രധാന മന്ത്രിയുടെ തന്നെ ലോക്‌സഭ മണ്ഡലമായ വാരണാസിയിലെ ഗഞ്ചാരിയില്‍ ഏകദേശം 30,000 പേര്‍ക്ക് ഒരേ സമയം മത്സരങ്ങള്‍ കാണാന്‍ സൗകര്യമുള്ള രീതിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത് (Varanasi Cricket Stadium). 450 കോടി രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിന്‍റെ ചെലവായി പ്രതീക്ഷിക്കുന്നത് (Varanasi Cricket Stadium Construction cost).
സ്ഥലമെടുപ്പിനായി ഉത്തര്‍പ്രദേശ് ഭരണകൂടം 120 കോടി രൂപയാണ് ചെലഴിച്ചത്. ശേഷിക്കുന്ന 330 കോടി രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി ബിസിസിഐ ചെലവഴിക്കുക. ഇന്ന് നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ബിസിസിഐ, ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മറ്റ് നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കും.
എല്‍ ആന്‍ഡ് ടി കമ്പനിക്കാണ് (L&T Company) സ്റ്റേഡിയത്തിന്‍റെ നിര്‍മാണ ചുമതല. വാരണാസിയിലെ പുത്തന്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. അതിനുശേഷമായിരിക്കും സ്റ്റേഡിയത്തിന് സമീപത്തുള്ള പ്രദേശങ്ങളില്‍ നടത്തേണ്ട വികസന പ്രവര്‍ത്തികള്‍ക്ക് വാരണാസി ഭരണകൂടം അന്തിമ രൂപം നല്‍കുക.
വാരണാസി ഗഞ്ചാരിയിലെ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഉത്തര്‍പ്രദേശിലെ ആകെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ എണ്ണം മൂന്നാകും. നിലവില്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലും (Ekana Cricket Stadium Lucknow) കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലുമാണ് (Green Park Stadium Kanpur) യുപിയില്‍ രാജ്യാന്തര മത്സരങ്ങള്‍ നടക്കുന്നത്.
സ്റ്റേഡിയത്തിന്‍റെ രൂപകല്‍പ്പന ഇങ്ങനെ...: വാരണാസിയില്‍ ഒരുങ്ങുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ മുന്‍ ഭാഗം കാശിയേയും പരമശിവനെയും അനുസ്‌മരിപ്പിക്കുന്ന തരത്തിലായിരിക്കും രൂപകല്‍പ്പന ചെയ്യുക എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയുടെ രൂപത്തിലായിരിക്കും സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര (Crescent shaped roof covers For Varanasi Stadium). ഫ്ലഡ്‌ലൈറ്റുകള്‍ക്ക് ത്രിശൂലത്തിന്‍റെ മാതൃകയുമാണ് നല്‍കുക (Trident shaped floodlights). കാശിയുടെ ഘാട്ട് മാതൃകയിലാണ് സ്റ്റേഡിയത്തിന്‍റെ ഗാലറിയുടെ നിര്‍മാണം. ശിവന്‍റെ കയ്യിലുള്ള വാദ്യോപകരണമായ ഡമരുവിന്‍റെ രൂപത്തിലാണ് വിഐപി ലോഞ്ചും പവലിയനും (Damru shaped VIP lounge and Pavilion).