ചെന്നൈ: നാല്‍പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിന് ചെന്നൈയിലെ മഹാബലി പുരത്ത് തുടക്കമാകുമ്പോൾ ആശംസകളുമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. അന്താരാഷ്‌ട്ര ടൂര്‍ണമെന്‍റിന് ആശംസ അര്‍പ്പിച്ച് കൊണ്ട് പിണറായി വിജയന്‍, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്‍ഡു, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് എന്നിവര്‍ എം.കെ സ്റ്റാലിന് കത്തയച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഫോണില്‍ വിളിച്ചായിരുന്നു ആശംസ അറിയിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവർ സോഷ്യൽ മീഡിയയിലൂടെയും ആശംസ അറിയിച്ചു.
സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ: ടൂര്‍ണമെന്‍റിന് ആതിഥ്യമരുളുന്ന ഇന്ത്യ ഒളിമ്പ്യാഡില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഓപ്പണ്‍, വനിത വിഭാഗങ്ങളിലായി മൂന്ന് വീതം ടീമുകളെയാണ് ഇന്ത്യ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. കാൾസണും അസർബൈജാനും നയിക്കുന്ന നോർവേയ്‌ക്കൊപ്പം താരസമ്പന്നമായ യുഎസ്എക്ക് പിന്നിൽ രണ്ടാം സീഡായ ഇന്ത്യന്‍ 'എ ടീം' കടുത്ത മത്സരമുയര്‍ത്തും എന്നും വിലയിരുത്തപ്പെടുന്നു.
അഞ്ച് തവണ ലോക ചാമ്പ്യനും ഇന്ത്യന്‍ ചെസ് ഇതിഹാസവുമായ വിശ്വനാഥന്‍ ആനന്ദ് ഇത്തവണ ടീമിന്‍റെ പരിശീലക കുപ്പായത്തിലാണ് എത്തുന്നത്. 2014ല്‍ ട്രൊംസോയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. 2020ലെ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ റഷ്യക്കൊപ്പം സ്വര്‍ണ്ണം നേടിയതും, 2021ലെ പതിപ്പില്‍ വെങ്കലം നേടിയതും ഇന്ത്യയുടെ സമീപകാല ഒളിമ്പ്യാഡ് നേട്ടങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പതിപ്പില്‍ സ്വര്‍ണം നേടുകയെന്ന ലക്ഷത്തോടെ തന്നെയാണ് ഇന്ത്യയെത്തുന്നത്.