അമരാവതി (മഹാരഷ്‌ട്ര) : ഇതര ജാതിയില്‍പ്പെട്ട യുവാവിനെ കല്യാണം കഴിച്ചതിന് യുവതിക്കുനേരെ ബന്ധുക്കളുടെ ക്രൂരമായ ആക്രമണം. ഭർത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽ നിന്നും വലിച്ചിഴച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അമരാവതി ജില്ലയിലെ അംബഡ ഗ്രാമത്തിൽ മെയ് നാലിനാണ് സംഭവം. ഏപ്രിൽ 28ന് ആര്യസമാജ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇതര ജാതിയിൽപെട്ട യുവാവുമായുള്ള ബന്ധത്തെ യുവതിയുടെ രക്ഷിതാക്കൾ ഉൾപ്പടെ എല്ലാ ബന്ധുക്കളും എതിർത്തിരുന്നു.
തുടർന്ന് വിവാഹത്തിൽ കുപിതരായ ബന്ധുക്കൾ ഒന്നിച്ചുകഴിയുകയായിരുന്ന ദമ്പതികളുടെ വീട്ടിലെത്തി യുവതിയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ ഭർതൃബന്ധുക്കൾ തടയാൻ ശ്രമിച്ചതോടെ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമായി. സംഭവത്തിൽ ഭർതൃപിതാവ് മോർഷി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.